ശബരിമല: പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുമായി സന്നിധാനത്തെ ഹോമിയോ ഡിസ്‌പെൻസറി. പോലീസ് ബാരക്കുകൾ, കൊപ്രാക്കളം, വിശുദ്ധി സേനാംഗങ്ങളുടെ താമസസ്ഥലം തുടങ്ങി ജീവനക്കാർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് പകർച്ച വ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളത്. ഇത്തരം സ്ഥലങ്ങളിൽ എവിടെയെങ്കിലും പകർച്ച വ്യാധികൾ റിപോർട്ട് ചെയ്താൽ ഉടൻ പ്രതിരോധ മരുന്നുകൾ എല്ലാവർക്കും നൽകുന്നതിന് ഹോമിയോ ഡിസ്‌പെൻസറിയിൽ ആവശ്യമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ചികിൽസ തേടിയാണ് തീർഥാടകർ പ്രധാനമായും സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപത്തെ ഹോമിയോ ഡിസ്‌പെൻസറിയിൽ എത്തുന്നത്. ആന്ധ്രാ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരിൽ ചിലർ ഹോമിയോ മരുന്നുകൾ മാത്രം ഉപയോഗിക്കുന്നവരാണ്. വഴിമധ്യേ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇവർ ചികിൽസ തേടുന്നത് സന്നിധാനത്തെ ഹോമിയോ ഡിസ്‌പെൻസറിയിലാണ്. സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ(27വരെ) 8557പേരാണ് ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിൽസ തേടിയത്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി.പി. രമേശൻ, മെഡിക്കൽ ഓഫീസർ ഡോ. ബിജുമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആറുപേർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് സന്നിധാനത്തെ ഹോമിയോ ഡിസ്‌പെൻസറിയിൽ 24മണിക്കൂറും സേവനത്തിനുള്ളത്. പമ്പയിലും ഒരു ചീഫ് മെഡിക്കൽ ഓഫിസറും ഒരു മെഡിക്കൽ ഓഫീസറും നാല് ജീവനക്കാരും അടങ്ങുന്ന ഹോമിയോ ഡിസ്‌പെൻസറി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.