നിലവിലെ സംഭരണ വ്യവസ്ഥയിൽ ഇളവുവരുത്തി കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഉത്പാദനക്ഷമത പലയിടത്തും പലരീതിയിലാണ്. ഇതിനാലാണ് 2200 കിലോ, അഞ്ച് ഏക്കർ എന്നുള്ള മാനദണ്ഡങ്ങൾ വയ്ക്കുന്നത്. ഇത് അയവു ചെയ്ത് കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കാനുള്ള നിർദേശമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷി വകുപ്പും നൽകിയതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട കൃഷി ഓഫീസർ ശുപാർശ ചെയ്യുന്നതനുസരിച്ച് വ്യവസ്ഥകളിൽ മാറ്റം വരുത്തും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ ‘നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും’ സംവാദം ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.
പാടശേഖരങ്ങൾ മില്ലുകാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മില്ലുകാരുമായി ഈ മാസം 11-ന് ചർച്ച നടത്തും. കർഷകരുടെ ആശങ്കങ്ങൾ അവതരിപ്പിച്ച് ആവശ്യമായ പരിഹാരം കാണും. നെല്ല് സംഭരിച്ച് എത്രയും വേഗം പണം കൊടുക്കണമെന്നതാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ നെല്ല് സംഭരിച്ച് ഏഴ്-എട്ട് മാസം കഴിഞ്ഞാണ് സംസ്ഥാന സർക്കാരിന് അതിന്റെ പണം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. 1266 കോടി രൂപ കേന്ദ്രം ഈ ഇനത്തിൽ നൽകാനുണ്ട്.
നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് അരിയാക്കി, അരി റേഷൻ കടയിൽ എത്തി, വിതരണം നടന്ന്, അരി വാങ്ങിയതിന്റെ കണക്ക് ഡൽഹിയിൽ എത്തി അതിൽ പരിശോധനയും കൃത്യതയും വരുത്തിയ ശേഷമാണ് കേന്ദ്രം പണം അനുവദിക്കുന്നത്. പി.ആർ.എസ്. വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചർച്ച നടത്തി കർഷകർ നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക്് പരിഹാരം കാണും.
സംഭരണം, പി.ആർ.എസ്., പേയ്മെന്റ് ഇവയെല്ലാം ആധുനിക രീതിയിലേക്ക് കൊണ്ടുവരാൻ നപടികൾ ആലോചിച്ചുവരികയാണ്. നെല്ല് സംഭരിക്കുമ്പോൾ തന്നെ അളവിന്റെ കാര്യത്തിൽ കൃത്യത ഉറപ്പുവരുത്താനും അതിനനുസരിച്ചുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാനുമുള്ള സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു