നെൽ കർഷകരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിനായി റാപ്പിഡ് റെസ്പോൺസ് സെല്ലും ടോൾഫ്രീ നമ്പറും ഉടൻ കൊണ്ടുവരുമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ‘നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും’ സംവാദത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ, സംഭരണം, കിഴിവ് തുടങ്ങി ഏതു പ്രശ്നവും ടോൾഫ്രീ നമ്പർ വഴി അറിയിക്കാൻ കഴിയുന്ന സംവിധാനമായിരിക്കും ഇത്. കൃഷി മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും ഇത് പ്രവർത്തിക്കുക. ഏതെങ്കിലും ഉദ്യോഗസ്ഥർ മില്ലുകൾക്ക് അനുകൂലമായോ, കർഷകരുടെ താൽപര്യങ്ങൾക്ക് എതിരായോ പ്രവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷമത പരിശോധിക്കാൻ ഈ മേഖലയിൽ എഞ്ചിനിയറിംഗ് വൈദഗ്ധ്യമുള്ളവരുടെ പ്രത്യേക സംഘത്തെ കുട്ടനാട്ടിൽ നിയോഗിക്കും. കർഷകർ ആവശ്യപ്പെടുന്നിടത്തെത്തിയും അല്ലാതെ മിന്നൽ പരിശോധയായും യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തും.

സംഘം ഈ കൊയ്ത്തുകാലത്ത് തന്നെ കുട്ടനാട്ടിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ഈർപ്പത്തിന്റ അളവ് മൂലം കിഴിവ് വരുത്തുന്ന പ്രശ്നം പരിഹാരിക്കാൻ പരാതി നൽകുന്ന കർഷകരുടെ പാടശേഖരങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഇലക്ട്രോണിക് വേയിങ് മെഷീൻ എല്ലായിടത്തും ഉൾപ്പെടുത്താൻ കഴിയുമോ എന്നത് പരിശോധിക്കും-മന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിന് നിലവിലെ സ്ഥിതിയിൽ മറ്റ് ബാങ്കുകളെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനാകില്ല. റിസർവ് ബാങ്കിന്റെ നിബന്ധനക്കനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. എന്നാൽ കർഷകനെ സഹായിക്കാത്ത, കർഷകനോട് മോശം സമീപനം തുടരുന്ന ബാങ്കുകളിൽ സർക്കാരിന്റെ അക്കൗണ്ടുകൾ തുടർന്നു പോകണമോ എന്ന കാര്യം ഒന്നുകൂടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംവാദത്തിൽ തോമസ് കെ. തോമസ് എം.എൽ.എ., ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ തങ്കച്ചൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എസ്. അനിൽകുമാർ, പാഡി പെയ്മെന്റ് ഓഫീസർ എം.എ. സഫീദ്, പാടശേഖരസമിതി സെക്രട്ടറി അഡ്വ. വി. മോഹൻദാസ്, ഫാ. തോമസ് ഇരുമ്പുകുറ്റിയിൽ, എസ്.ബി.ഐ. ബാങ്ക് പ്രതിനിധികൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.