പ്രകൃതി സൗഹൃദമായ മണ്ണ്-ജല സംരക്ഷണമാണ് കയര്‍ഭൂവസ്ത്രത്തിലൂടെ സാധ്യമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി. പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കയര്‍ഭൂവസ്ത്രം ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പുരോഗതി ആര്‍ജിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
തൊഴിലുറപ്പ് പദ്ധതിയും കയര്‍ഭൂവസ്ത്ര സാധ്യതകളും എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ, കയര്‍ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ അശ്വിന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായ പരിപാടിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, പ്രോജക്ട് ഓഫീസര്‍ വി.പി അബ്ദുള്‍ സലാം, പൊന്നാനി പ്രൊജക്റ്റ് ഓഫീസ് അസി. രജിസ്ട്രാര്‍ പി.ജെ ജോബിഷ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ 2022-23 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച പെരിങ്ങോട്ടുകുറുശ്ശി, നെല്ലിയാമ്പതി, കണ്ണാടി ഗ്രാമപഞ്ചായത്തുകളെയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനെയും ആദരിച്ചു.

മണ്ണിനെ ബലപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി കയര്‍ ഭൂവസ്ത്രം

മണ്ണിനെ ബലപ്പെടുത്തുകയും സംരക്ഷിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളെയാണ് പൊതുവെ ജിയോ ടെക്സ്റ്റയില്‍സ് അഥവാ ഭൂവസ്ത്രം എന്ന് പറയുന്നത്. ജില്ലയില്‍ 2017 മുതലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം വിതാനം ചെയ്ത് തുടങ്ങിയത്. നിലവില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുടെ കീഴിലും കയര്‍ ഭൂവസ്ത്രം വിതാനം ചെയ്ത് വരുന്നുണ്ട്.

കയര്‍ ഭൂവസ്ത്രം ഉപയോഗങ്ങള്‍

കുന്നിന്‍ ചരിവുകള്‍, മണല്‍പ്രദേശങ്ങള്‍, മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ മണ്ണും കല്ലും ഇളകിപ്പോകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതുകൊണ്ട് മണ്ണൊലിപ്പ് നിയന്ത്രിക്കാന്‍ സാധിക്കും. ചരിവുള്ള പ്രതലങ്ങളുടെ ഉപരിതലം മുഴുവന്‍ മൂടത്തക്കവിധം കയര്‍ വലപ്പായ വിരിച്ച് മുളകൊണ്ടുള്ള പ്രത്യേകതരം കുറ്റി ഉപയോഗിച്ച് വലയെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ഭൂവസ്ത്രത്തിന്റെ കണ്ണികള്‍ക്കിടയില്‍ ചെടികളുടെയോ പുല്ലുകളുടെയോ വിത്തുകള്‍ പാകുകയും ക്രമേണ സസ്യങ്ങളും വലയും ഒന്നായി ഒരു ചെക്ക് ഡാം പോലെ പ്രവര്‍ത്തിച്ച് വെള്ളത്തിന്റെ ഒഴുക്കിനെ ക്രമപ്പെടുത്തുകയും മേല്‍മണ്ണ് ഒലിച്ചുപോകാതെ സംരക്ഷിച്ച് നിര്‍ത്തുകയുമാണ് ചെയ്യുന്നത്.
ഒരിഞ്ച് കണ്ണിവലിപ്പമുള്ള കയര്‍ ഭൂവസ്ത്രം കൊണ്ട് 30 ശതമാനം വരെയുള്ള ചരിവിലും അരയിഞ്ച് കണ്ണി വലിപ്പം ഉള്ളവകൊണ്ട് 50 ശതമാനം വരെയുള്ള ചരിവിലും കാലിഞ്ച് കണ്ണി വല കൊണ്ട് 100 ശതമാനം ചരിവിലും മണ്ണൊലിപ്പ് തടയാന്‍ കഴിയും. ഇതിലൂടെ ജലം സംഭരിച്ചു നിര്‍ത്താനുള്ള ഭൂമിയുടെ ശേഷി ഒന്ന് മുതല്‍ 21 ശതമാനം വരെ ഉയരും.

കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗ രീതി

കയര്‍ ഭൂവസ്ത്രം വിരിക്കാന്‍ നിര്‍ദേശിക്കുന്ന ചരിവുപ്രതലം വൃത്തിയാക്കിയതിന് ശേഷം ചരിവുപ്രതലത്തിന്റെ മുകള്‍ഭാഗത്ത് 30 സെ.മി ആഴത്തില്‍ കിടങ്ങ് എടുക്കുക. അതിനകത്ത് കയര്‍ ഭൂവസ്ത്രം ഉറപ്പിച്ച ശേഷം വെള്ളം ഒഴുകുന്ന ദിശയില്‍ മുകളില്‍ നിന്ന് താഴേക്ക് വിരിക്കുക. കയര്‍ ഭൂവസ്ത്രം ഉറപ്പിക്കുന്നതിനായി മുളങ്കുറ്റി ഉപയോഗിക്കാം. കയര്‍ ഭൂവസ്ത്രത്തിന്റെ മറ്റേ അറ്റം ചരിവിന്റെ താഴെ ഉറപ്പിക്കുക. ഓരോ പാളിയും തൊട്ടടുത്ത പാളിയില്‍ 15 സെ.മി എങ്കിലും കയറ്റി വിരിക്കേണ്ടതാണ്. കയര്‍ ഭൂവസ്ത്രം വിരിച്ച ശേഷം പുല്‍ വിത്ത് വയ്ക്കുകയോ പുല്ലിന്റെ തൈകള്‍ നടുകയോ ചെയ്യാം.

കയര്‍ ഭൂവസ്ത്രത്തിന്റെ ഗുണങ്ങള്‍

*ചരിവുകളിലെ മണ്ണിനെ ബലപ്പെടുത്തുന്നു.

*പുല്ലും ചെടികളും വേരുപടലങ്ങളും വളര്‍ന്ന് പ്രകൃതിദത്തമായ ഭൂവസ്ത്രം രൂപപ്പെടുന്നത് വരെ അത് ഭൂമിയെ സംരക്ഷിക്കുന്നു.

* കയര്‍ ജിയോടെക്സ്റ്റയില്‍സ് ഊടും പാവും എന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇവ വിരിക്കുന്നത് നീളത്തിന്റെ ദിശയിലാണ്. അതിനാല്‍ ആവശ്യത്തിലധികമുള്ള വെള്ളം എളുപ്പം വാര്‍ന്നു പോകാന്‍ സഹായിക്കുന്നു.

*കയര്‍ ഭൂവസ്ത്രം ഒരു അരിപ്പയായി പ്രവര്‍ത്തിക്കുന്നതിനാല്‍ മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു.

*കയര്‍ ഭൂവസ്ത്രം ജീര്‍ണിക്കുമ്പോള്‍ മണ്ണിന് ദോഷകരമായ കാര്യങ്ങള്‍ അവശേഷിപ്പിക്കാത്തതിനാല്‍ മണ്ണിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.

*മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നു.

*സസ്യവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു.

*കയര്‍ഭൂവസ്ത്രം മണ്ണിന് അധികബലം നല്‍കുന്നു.

*കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനാല്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം കുറയുന്നില്ല.

തോടുകളുടെയും നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും തീരസംരക്ഷണം

നദികളുടെയും തോടുകളുടെയും കരകളിലെ മണ്ണൊലിപ്പ് കയര്‍ ഭൂവസ്ത്രമുപയോഗിച്ച് ഫലപ്രദമായി തടയാനും ഒഴുകിപ്പോകുന്ന കരഭാഗം പുനര്‍ജനിപ്പിക്കാനും സാധിക്കും. കരിങ്കല്ലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത പുലിമുട്ടിന് പകരം ജലത്തെ കടത്തിവിടുന്ന തരം കയര്‍ ഭൂവസ്ത്രങ്ങള്‍ (കൊക്കോലോഗ്) ഉപയോഗിച്ചാണ് ഇതിനുള്ള പുലിമുട്ടുകള്‍ തയ്യാറാക്കുന്നത്. പുതുതായി മണ്ണ് വീണടിഞ്ഞ സ്ഥലത്ത് സസ്യാവരണം ഉണ്ടായി മണ്ണൊലിപ്പിനെ പ്രതിരോധിക്കാന്‍ പ്രാപ്തമാകുന്നത് വരെ ഈ പുലിമുട്ടുകള്‍ നിലനില്‍ക്കും.
ചരിവുപ്രദേശത്തെ കൃഷി, പൂന്തോട്ടം എന്നിവയുടെ നിര്‍മാണത്തില്‍ കയര്‍ ഭൂവസ്ത്രം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. ഇതിനായി കയര്‍ ഭൂവസ്ത്രം കൊണ്ട് കയര്‍ ജിയോസെല്‍ നിര്‍മിക്കുന്നു. ഇതോടൊപ്പം റോഡുകളുടെ നിര്‍മാണത്തിന് കയര്‍ ഭൂവസ്ത്രം വളരെ ഫലപ്രദമാണ്. പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ക്ക് പ്രത്യേകിച്ച് ചതുപ്പ് പ്രദേശങ്ങളിലെ റോഡുകള്‍ക്ക് കയര്‍ ഭൂവസ്ത്രം അധികസംരക്ഷണം നല്‍കുന്നു. പൂര്‍ണമായും മണ്ണ് ഉപയോഗിച്ചുള്ള റോഡുകളെയും ടാര്‍ ചെയ്ത് ചെയ്യുന്ന റോഡുകളെയും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച്  ബലപ്പെടുത്താന്‍ കഴിയും.