*കാഞ്ഞാര്‍ പാലത്തിന് നടപ്പാത നിര്‍മിക്കാന്‍ 3.61 കോടി
* അശോക കവല – മൂലമറ്റം കോട്ടമല റോഡിന് 6.8 കോടി
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാത്രം 18 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിച്ചതോടെ സംസ്ഥാനത്തെ 52 ശതമാനം കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാനായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറക്കുളം പഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മറ്റു പ്രവര്‍ത്തികളുടെ നിര്‍മാണോദ്ഘാടനവും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 70.85 ലക്ഷം കുടുംബങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇത് ആകെ ഭവനങ്ങളുടെ 22 ശതമാനം മാത്രമാണെന്നോര്‍ക്കണം. ഇന്നിപ്പോള്‍ 52 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാനായി. നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നങ്ങളെല്ലാം ഒന്നൊന്നായി പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പട്ടയപ്രശ്നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പട്ടയം കൊടുക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രധാനപ്പെട്ട റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താനായി. കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകാന്‍ പോകുകയാണ്. 400 കോടിയോളം ജനങ്ങള്‍ കുടിവെള്ളപ്രശ്നം അനുഭവിക്കുന്ന ലോകക്രമത്തിലാണ് നാമുള്ളത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് ജലജീവന്‍ മിഷന്‍ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
അറക്കുള്ള പഞ്ചായത്തില്‍ മാത്രം 97 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടക്കുന്നത്. ഇടുക്കി നിയമസഭ മണ്ഡലത്തില്‍ 715 കോടി രൂപയാണ് ചെലവഴിക്കുന്നത്. വലിയ നേട്ടമാണ് ഈ രംഗത്ത് നാം കൈവരിക്കാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. അശോക ജംഗ്ഷന്‍ മുതല്‍ മൂലമറ്റം വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അശോകക്കവല മൂലമറ്റം കോട്ടമല റോഡ് തുറന്ന് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആറ് കോടി 80 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
കാഞ്ഞാര്‍ പാലത്തിന് നടപ്പാത നിര്‍മിക്കാന്‍ 3.61 കോടി രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.
നമ്മുടെ നാടിന്റെ സമഗ്രമായ വളര്‍ച്ചയില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വലിയ പങ്കുണ്ട്. അക്കാര്യത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്തിന്റെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
കുളമാവിലെ ഹൈഡല്‍ ടൂറിസം പദ്ധതി കുളമാവ് പ്രദേശത്തിന് നേട്ടമായി മാറുമെന്നും അതിനുള്ള നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്നും കുളമാവ് കുരിശുപള്ളി ജംഗ്ഷനില്‍ നടന്ന സിഎംഎല്‍ആര്‍ആര്‍പി സ്‌കീമില്‍ ഉള്‍പ്പെട്ട റോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
30. 31 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച അറക്കുളം കമ്മ്യൂണിറ്റി ഹാള്‍, സിഎംഎല്‍ആര്‍ആര്‍പി പദ്ധതിപ്രകാരം 45 ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മിച്ച കുളമാവ് ടൗണ്‍ കലംകമഴ്ത്തി പോത്തുമറ്റം റോഡ്, 36 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച അറക്കുളം പി എച്ച് സി ഐ പി കെട്ടിടം, അറ്റകുറ്റപ്പണിയും പെയിന്റിങ്ങും പൂര്‍ത്തിയാക്കിയ ശ്രീചിത്തിര വിലാസം ഗവഎല്‍ പി സ്‌കൂള്‍, പുനരുദ്ധരിച്ച എ.കെ.ജി കടവ് റോഡ്, അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ആലാനിക്കല്‍ കോളനി കോട്ടയം മുന്നി റോഡ്, അഞ്ചപ്ര കോളനി റോഡ്, കുളമാവ് പോത്തുമറ്റം റോഡ്, ആശ്രമം ചേറാടി റോഡ്, കെ.എസ്.ഇ.ബി വര്‍ക്ക് ഷോപ്പ് ആറ്റുപുറമ്പോക്ക് റോഡ്, പോലീസ് സ്റ്റേഷന്‍ പള്ളിത്താഴം പോത്തുമറ്റം റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
കാവുംപടി-അടപ്രക്കാവ് റോഡ്, എടാട് അന്ത്യന്‍പാറ മിറ്റത്താനിക്കല്‍ കടവ് റോഡ്, പന്ത്രണ്ടാം മൈല്‍ മാതൃക അങ്കണവാടി കെട്ടിടം, മുത്തിയിരുണ്ടയാര്‍ അരീപ്പാറ റോഡ്, മൂലമറ്റം ബാലവാടി ആഡിറ്റ് റോഡ്, മൂന്നുങ്കവയല്‍ കൂവപ്പള്ളി റോഡ്, മണപ്പാടി പൂത്തോട് റോഡ്, മേച്ചേരി കോളനി റോഡ് സംരക്ഷണഭിത്തി, ഉറുമ്പുള്ള് എസ് സി കോളനി റോഡ്, പതിപ്പള്ളി ഗവ. ട്രൈബല്‍ സ്‌കൂള്‍ ശൗചാലയം, 12 ാം മൈല്‍ കൈത്തിങ്കര കോളനി റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
അറക്കുളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ് പദ്ധതി അവതരണം നടത്തി. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍, ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷന്‍ അഗം എം. ജെ ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബുഷ്റ. കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കുളമാവ് കുരിശുപള്ളി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ് പദ്ധതി അവതരണം നടത്തി. അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബുഷ്റ. കെ, അറക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുബൈര്‍ എം.എ, സംഘാടകസമിതി കണ്‍വീനര്‍ പി.പി സണ്ണി, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.