ജില്ലയ്ക്ക് ലഭ്യമായ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനും ആവശ്യപ്പെട്ടു.

ജില്ലയില്‍ 378 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക ഭേദഗതിക്ക് യോഗം അംഗീകാരം നല്‍കി. 20 ശതമാനത്തിന് താഴെ നിര്‍വഹണ പുരോഗതിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. കോര്‍പ്പറേഷന്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം നടത്തി. പദ്ധതി തുക ചെലവഴിക്കുന്നതില്‍ ഗുരുവായൂര്‍ നഗരസഭയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ശിശുക്ഷേമ പ്രവര്‍ത്തനത്തില്‍ സംസ്ഥാന തലത്തില്‍ അവാര്‍ഡ് നേടിയ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയെ ജില്ലാ ആസൂത്രണ സമിതി യോഗം പൊന്നാടയണിയിച്ച് അനുമോദിച്ചു.

ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം എന്‍ സുധാകരന്‍, ആസൂത്രണ സമിതി ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.