ജില്ലാ ജഡ്ജി ജോഷി ജോൺ ഉദ്ഘാടനം ചെയ്തു
ഭിന്നശേഷി നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അവബോധം നൽകി സാമൂഹ്യനീതി വകുപ്പ് സെമിനാർ. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആലുവ റൂറൽ എസ്.പി ഓഫീസിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു. 2016ൽ നിലവിൽ വന്ന ഭിന്നശേഷി അവകാശ നിയമത്തെ കുറിച്ചും ഇവർക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദർശിക്കുന്ന സ്ഥാപനം എന്ന നിലയിൽ എല്ലാ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്കിലും ഇത്തരം നിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധവാനാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നത് ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ തിരഞ്ഞെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കായാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളും ഭിന്നശേഷി സൗഹൃദ സമീപനവും എന്ന വിഷയത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ സംസാരിച്ചു . ഭിന്നശേഷി- പ്രാഥമിക നിർണയവും ഇടപെടലും എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എം. എസ് രശ്മി സംസാരിച്ചു .
ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സംവാദ പ്രോജക്ട് കോഓഡിനേറ്റർ അഡ്വ. നിഹാരിക ഹേമരാജ് അവതരണം നടത്തി. ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികൾ എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. ജെ ബിനോയ് സംസാരിച്ചു.
പരിപാടിയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി .എം പ്രദീപ് അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് ക്രൈം ഡിറ്റാച്മെന്റ് ഡി.വൈ.എസ്.പി ജിൽസൺ മാത്യു, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി സ്മിത തുടങ്ങിയവർ പങ്കെടുത്തു .