വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന് കടുങ്ങല്ലൂർ ബിനാനിപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ ഡയാലിസിസ് സെന്ററിന് നിർമ്മാണാനുമതി ലഭിച്ചു. ഒരു കോടി 20 ലക്ഷം രൂപയുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാകുന്നത്.
ആദ്യഘട്ടത്തിൽ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും രണ്ടാംഘട്ടത്തിൽ ആവശ്യമായ മിഷനറികൾ സ്ഥാപിക്കുകയുമാണ് ചെയ്യുക. 80 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററിൽ സജ്ജീകരിക്കുക. പ്രദേശത്തെ കിഡ്നി സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർക്ക് കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്.
കളമശ്ശേരി മണ്ഡലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിദ്യാഭ്യാസം, കൃഷി, കായികം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഗതാഗത സൗകര്യം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ 8 റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 16.30 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡുകൾ ആധുനികവത്കരിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരിയിലെ വിവിധ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
കിഴക്കെ കടുങ്ങലൂർ ഗവ.എൽ.പി സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചിരുന്നു. രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടം സ്കൂൾ ശതാബ്ദി സ്മാരകമായി മന്ത്രി പ്രഖ്യാപനവും നടത്തി.