മാർച്ച് 8 വനിതാ ദിനത്തിൽ ചരിത്രപരമായ ദൗത്യത്തിന് തുടക്കം കുറിക്കുകയാണ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്. സ്ത്രീകളെ ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ നേത്യത്വത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ മാർച്ച് 8 മുതൽ ഹാപ്പി നൂൽപ്പുഴ പദ്ധതി ആരംഭിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 9 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിനേഷൻ നൽകും.
ഇതിലൂടെ സെർവിക്കൽ ക്യാൻസറിൻ്റെ പ്രധാന കാരണമായ ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയിൽ നിന്നും സംരക്ഷിച്ച് അവരെ പൂർണ്ണമായും സെർവിക്കൽ ക്യാൻസറിൽ നിന്നും പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ട്രൈബൽ പഞ്ചായത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും നൂൽപ്പുഴ പഞ്ചായത്തിൻ്റെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലോകത്തിൽ ഏറ്റവുമധികം സ്ത്രീകൾ മരണപ്പെടുന്നതിന് കാരണമായിട്ടുള്ള ക്യാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ ക്യാൻസറിനുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ 8 മിനുട്ടിലും ഒരു സ്ത്രീ വീതം സെർവിക്കൽ ക്യാൻസർ ബാധിച്ച് മരണമടയുന്നുണ്ട്. ലോക വനിതാ ദിനത്തിൽ നൂൽപ്പുഴ കൂടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിലുള്ള 9 വയസ്സിന് മുകളിൽ പ്രായമുളള പെൺകുട്ടികൾക്കായി ആരംഭിക്കുന്ന ഹാപ്പി നൂൽപ്പുഴ വാക്സിനേഷൻ പദ്ധതി ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിൽ ഇടം നേടുകയാണ്.
വാക്സിനേഷൻ പദ്ധതി തുടങ്ങുന്ന വനിതാ ദിനത്തിൽ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 55 കുട്ടികൾക്ക് വാക്സിനേഷൻ നൽകും. തുടർന്ന് ഏപ്രിൽ മാസം മുതൽ സ്ക്രീനിംഗ് ക്യാമ്പിലൂടെ തെരഞ്ഞെടുത്ത പെൺകുട്ടികൾക്കായി ആഴ്ച്ചകൾ തോറും കുടുംബാരോഗ്യ കേന്ദ്രം വഴി വാക്സിനേഷൻ നൽകും. ഹാപ്പി നൂൽപ്പുഴ വാക്സിനേഷൻ പദ്ധതി യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിക്കും. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് മുഖ്യാതിഥിതിയാകും. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.