ആയുഷ് മേഖലക്കുള്ള എന്.എ.ബി.എച്ച് എന്ട്രി ലെവല് സര്ട്ടിഫിക്കേഷന് നേടിയ ജില്ലയിലെ ഏഴ് ആയുഷ് ഹെല്ത്ത് ആന്ഡ് വെല്നെസ്സ് സെന്ററുകള്ക്ക് സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആയുഷ് ഹെല്ത്ത് ആന്ഡ് വെല്നെസ്സ് സെന്ററുകളായ ബത്തേരി, വെള്ളമുണ്ട, വാളേരി ഹോമിയോ സ്ഥാപനങ്ങള്ക്കും മീനങ്ങാടി, പുതുശ്ശേരി, തരിയോട്, മൂപ്പൈനാട് ആയുര്വേദ സ്ഥാപനങ്ങള്ക്കുമാണ് അംഗീകാരം ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന പരിപാടിയില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജില് നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്, സ്ഥാപനങ്ങളിലെ മെഡിക്കല് ഓഫീസര്, ജില്ലാ മെഡിക്കല് ഓഫീസര്, ജില്ലാ ക്വാളിറ്റി ടീം അംഗങ്ങള് എന്നിവര് സര്ട്ടിഫിക്കറ്റും പുരസ്‌ക്കാരവും ഏറ്റുവാങ്ങി. ആരോഗ്യ സ്ഥാപനങ്ങള് വിവിധ ഗുണമേന്മാ മാനദന്ധങ്ങള് കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്.എ.ബി.എച്ച് അക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉള്പ്പടെയുള്ള സേവന നിലവാരങ്ങളെ വിലയിരുത്തിയാണ് എന്.എ.ബി.എച്ച് അംഗീകാരം നൽകുന്നത്.