മന്ത്രി മുഹമ്മദ് റിയാസ് കരാർ ലൈസൻസ് കൈമാറി

ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്‌സ് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ച് കേരള ടൂറിസത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. പദ്ധതിയുടെ കരാർ ലൈസൻസ് ടുറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് മോറെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെരീഫ് മൗലക്കിരിയത്തിന് കൈമാറി.

കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപസംഗമത്തിന്റെ (ടിഐഎം) ഭാഗമായി ലഭിച്ച നിക്ഷേപ നിർദേശങ്ങളിൽ ആദ്യം നടപ്പിലാക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയ്ക്കുണ്ട്. 15,000 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ ഉയർന്നുവന്ന ടിഐഎമ്മിൽ സർക്കാർ പദ്ധതി വിഭാഗത്തിലാണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി അവതരിപ്പിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നിരവധി നിക്ഷേപകർ ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതിനാൽ അവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകരുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് ഓദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചാണ് മോറെക്‌സ് ഗ്രൂപ്പിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ടൂറിസം ആക്ടിവിറ്റി സോണുകൾ ഉൾപ്പെടുന്ന ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിക്കായി മോറെക്‌സ് ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപ നിക്ഷേപിക്കും. ബേക്കലിന്റെയും മലബാർ മേഖലയുടെയും മൊത്തത്തിലുള്ള ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ പദ്ധതി സഹായകമാകും.

ടിഐഎമ്മിന്റെ തുടർച്ചയായി സജ്ജീകരിച്ച ഫെസിലിറ്റേഷൻ സെന്റർ വഴിയുള്ള നിക്ഷേപ നിർദ്ദേശങ്ങളുടെ സുക്ഷ്മ പരിശോധന നടത്തി വരികയാണ്. വരും മാസങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രാവർത്തികമാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിനോദസഞ്ചാര മേഖലയുടെ വികസനത്തിനുള്ള നവീന പദ്ധതികളിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആവശ്യമാണ്.

ബേക്കൽ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയെ ശക്തിപ്പെടുത്തും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

കരാർ പ്രകാരം കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിലെ 33.18 ഏക്കർ ഭൂമി മോറെക്സ് ഗ്രൂപ്പിന് കൈമാറും. 30 വർഷമാണ് ലൈസൻസ് കാലാവധി.

കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ, കേരള ടൂറിസം ഡയറക്ടർ പി ബി. നൂഹ്, ബിആർഡിസി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബിആർഡിസി ഡയറക്ടറുമായ മണികണ്ഠൻ .കെ, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് സബീഷ് .കെ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദൻ, മോറെക്‌സ് ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. മുഹമ്മദ് നിഫെ, കെടിഐഎൽ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ.കെ, മോറെക്‌സ് ഗ്രൂപ്പ് സ്‌പോൺസർ ഖാലിദ് അലി എം എ. ഷാഹീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.