ലോക്സഭ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പൊതു തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായുള്ള ഓർഡർ (ഒഫീഷ്യൽസ് റാൻഡംലി ഡിപ്ലോയിഡ് ഫോർ ഇലക്ഷൻ കേരള) സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചത്.
ഓർഡർ സോഫ്റ്റ്‌വെയറിൽ എങ്ങനെ വിവരങ്ങൾ കൂട്ടിചേർക്കാം, പരിശോധിക്കാം തുടങ്ങിയവയാണ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഫോമാറ്റിക് ഓഫീസർ ജോർജ് ഈപ്പൻ ക്ലാസുകൾ നയിച്ചു.
കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ പറവൂർ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, ഐടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ ചിഞ്ചു സുനിൽ, നൂറിലധികം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.