കുട്ടനാട് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മണ്ഡലത്തിന് പൊതുമരാമത്ത് വകുപ്പ് ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കൈനകരി പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച മുട്ടേൽ പാലം – കുപ്പപ്പുറം റോഡിൻ്റെ ഉദ്ഘാടനം, നെടുമുടി കുപ്പപ്പുറം മുതൽ വേമ്പനാട് കായൽ തീരം വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട് നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എ.സി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലെത്തി നിൽക്കുകയാണെന്നും പദ്ധതി വഴി റോഡിന്റെ ഭൂരിഭാഗം മേഖലകളെയും വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴര വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ കേരളത്തിലെ പശ്ചാത്തല വികസനമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാതകളും സംസ്ഥാനപാതകളും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും എല്ലാം നവീകരിക്കപ്പെടുകയാണ്. കേരളത്തിലെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ. എ. പ്രമോദ്, മുൻ എം.എൽ.എ സി.കെ. സദാശിവൻ, പൊതുമരാമത്ത് എ.എക്സ്.ഇ. ഗൗരി കാർത്തിക, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

2023-24 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 4.57 കോടി രൂപ വിനിയോഗിച്ചാണ് മുട്ടേൽ പാലം – കുപ്പപ്പുറം റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

2023-24 ലെ ബഡ്ജറ്റ് പ്രവർത്തിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.50 കോടി രൂപ വിനിയോഗിച്ചാണ് 789 മീറ്റർ നീളത്തിൽ നെടുമുടി കുപ്പപ്പുറം മുതൽ വേമ്പനാട് കായൽ തീരം വരെയുള്ള റോഡ് നിർമ്മിക്കുന്നത്. റോഡിനു സമീപത്തുള്ള ചാലുകളുടെ നീരോഴുക്ക് സുഗമമാക്കുന്നതിന് സംരക്ഷണഭിത്തികൾ കൾവർട്ട് തുടങ്ങിയവയും നിർമ്മിക്കുന്നുണ്ട്.