മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷയുടെ ഉദയവികാസ ചരിത്രം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത ഉദ്ഘാടനം ചെയ്തു. വാമൊഴിയായി ആരംഭിച്ച ഭാഷ ലിഖിത രൂപം പ്രാപിച്ച് ഓജസും തെളിമയുമുള്ള ഭാഷയായി മാറുകയായിരുന്നുവെന്ന് സെമിനാര്‍ വിലയിരുത്തി. ദ്രാവിഡ ജനതയുടെ ഭാഷയായ ചെന്തമിഴും സംസ്‌കൃതവും ഇടകലര്‍ന്ന് ഉപയോഗിക്കാന്‍ തുടങ്ങിയ ഭാഷ കാലാന്തരത്തില്‍ ദ്രാവിഡ ഗോത്രത്തിലെ സ്വതന്ത്ര ഭാഷയായി മാറി. ഭാഷയ്ക്ക് ലിഖിത സ്വഭാവം കൈവന്നതോടെ വാമൊഴിപ്പാട്ടുകളില്‍ നിന്നും മണിപ്രവാളം, ഭക്തികാവ്യങ്ങള്‍ തുടങ്ങി വിവിധ ശാഖകള്‍ രൂപപ്പെട്ടു. പദ്യസാഹിത്യത്തിലൂടെയും ഗദ്യസാഹിത്യത്തിലൂടെയും മുന്നേറിയ മലയാളഭാഷ 2012ല്‍ ശ്രേഷ്ഠഭാഷാ പദവി കൈവരിച്ചു. ഭാഷയുടെ വികാസത്തിന് ഊര്‍ജിതമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും സെമിനാര്‍ വിലയിരുത്തി.
നഗരസഭ കൗണ്‍സിലര്‍ പി.കെ.ജേക്കബ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.ആര്‍.മേഴ്‌സി, സീനിയര്‍ ഫാക്കല്‍റ്റി വി.സി.രാമചന്ദ്രന്‍പിള്ള, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, ഡോ.പി.മുരുകദാസ്, അഫ്‌സല്‍ ആനപ്പാറ, രാജന്‍ പടിയറ, മിനിമോള്‍ കോശി, എ.ഹേമലത, എം.റ്റി.സുകുമാരി, സി.ഐ.ഷൈനി, എം.എന്‍.ഇന്ദിരാകുമാരി, വി.ജെ.മുഹമ്മദ് റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.