നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്. പമ്പയിലുണ്ടായിരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കലില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏര്‍പ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് സര്‍ക്കാരും ദേവസ്വംബോര്‍ഡും ഏറ്റെടുത്തിട്ടുള്ളത്.
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള പ്രധാന ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ് നല്‍കിയിട്ടുള്ളത്. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആകുന്നതോടെ ഇവിടെ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി 3600 ച.മീറ്റര്‍ വിസ്തൃതിയുള്ള വിരി ഷെഡാണ് തയാറായി വരുന്നത്. നിലയ്ക്കലില്‍ നിലവിലുള്ള 470 സ്ഥിരം ടോയ്‌ലറ്റുകള്‍ക്ക് പുറമേ 500 ടോയ്‌ലറ്റുകള്‍ കൂടി ടാറ്റാ പ്രോജക്ട്‌സ് സ്ഥാപിക്കുന്നുണ്ട്. കണ്ടയിനര്‍ രൂപത്തില്‍ ബയോ ഡൈജസ്റ്റര്‍ സംവിധാനം ഉപയോഗിച്ചുള്ളവയാണ് പുതിയ ടോയ്‌ലറ്റുകള്‍. നിലയ്ക്കലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നാല് സ്ഥലങ്ങളിലായി 25 ആര്‍ഒ പ്ലാന്റുകള്‍ ടാറ്റാ സ്ഥാപിക്കുന്നുണ്ട്. ഇവിടെനിന്നും വാട്ടര്‍ അതോറിറ്റിയുടെ 300 കിയോസ്‌കുകളിലേക്ക് ശുദ്ധീകരിച്ച ജലം എത്തിക്കുവാന്‍ കഴിയും. നിലയ്ക്കലില്‍ പോലീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 480 പോലീസുകാര്‍ക്ക് തങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ള കണ്ടയിനര്‍ ബാരക്കുകളുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. സ്റ്റീലില്‍ നിര്‍മിച്ചിട്ടുള്ള റെഡിമെയ്ഡ് ബാരക്കുകളുടെ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ 10 ന് മുമ്പ് പൂര്‍ത്തിയാകും.
നിലയ്ക്കലില്‍ നിലവില്‍ 50 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കുന്നതിനുള്ള ടാങ്കുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ 25 ലക്ഷം ലിറ്റര്‍ ജലം കൂടി സംഭരിക്കുന്നതിനുള്ള ടാങ്കുകളുടെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. അഞ്ച് ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള മൂന്ന് സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്റര്‍ ശേഷിയുള്ള 20 പിവിസി ടാങ്കുകളുമാണ് ജലവിതരണത്തിനായി സ്ഥാപിക്കുന്നത്. വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നതിനായി 1400 റബര്‍ മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റും. കെഎസ്ആര്‍ടിസിയ്ക്ക് കൂടുതല്‍ പാര്‍ക്കിംഗിനുള്ള സംവിധാനങ്ങളും ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈ തീര്‍ഥാടന കാലത്ത് സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസുകളിലായിരിക്കും തീര്‍ഥാടകരെ പമ്പയിലേക്കും തിരിച്ചും എത്തിക്കുക. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ അധികസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലയ്ക്കലിലെ പ്രവര്‍ത്തനങ്ങള്‍ തീര്‍ഥാടനകാലത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കാവുന്ന രീതിയില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കലിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീപദ് പറഞ്ഞു.