‘പൊതുജനാരോഗ്യം ആയുര്‍വേദത്തിലൂടെ’ എന്ന വിഷയത്തില്‍ മൂന്നാമത് ദേശീയ ആയുര്‍വേദ ദിനം ജില്ലയില്‍ ആചരിച്ചു. ജില്ലാ കളക്ടറേറ്റ് എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായി ആയുര്‍വേദ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറെ പ്രയോജനപ്രദമാണെന്നും ധൂമരഥ പ്രയാണം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതു തടഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെയും എം.എല്‍.എ. പ്രശംസിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് പ്രളയാനന്തര കര്‍മപരിപാടിയായ ‘ഒപ്പമുണ്ട് ആയുര്‍വേദം’ പദ്ധതിയുടെ പ്രവര്‍ത്തന റിപോര്‍ട്ട് എം.എല്‍.എ. പ്രകാശനം ചെയ്തു. നാഷനല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ആയുഷ് ഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ തമ്പി, എ.ഡി.എം. കെ. അജീഷ്, ഡി.എം.ഒ ഡോ. ഇ.എസ്. സോണിയ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ.പി. വിനോദ് ബാബു, കല്‍പ്പറ്റ ഗവ. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എ. പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എ. ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷര്‍, സെക്രട്ടറി, സ്ഥിരംസമിതി അദ്ധ്യക്ഷര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, തെരഞ്ഞെടുക്കപ്പെട്ട ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ശില്‍പശാലയും സംഘടിപ്പിച്ചു.
