കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പുതിയ  വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.  പായം പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് കം മള്‍ട്ടിപ്ലസ് തീയറ്ററിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ വ്യവസായ സംരംഭങ്ങളും ജനക്ഷേമകരമായ സ്ഥാപനങ്ങളുമാണ് നിര്‍മിക്കുക. ഇതിനായി 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വ്യവസായികള്‍ ഭൂമി കണ്ടെത്തിയാല്‍ അതിന്റെ ഉടമസ്ഥരുമായി സംസാരിക്കാനും വിപുലമായ വ്യവസായങ്ങള്‍ക്ക് കിന്‍ഫ്ര ഏറ്റെടുത്ത ഭൂമി വിട്ടുനല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
കൈത്തറി യൂണിഫോം നല്‍കാനാവാത്ത കുട്ടികളള്‍ക്ക് 400 രൂപ യൂണിഫോമിനായി നല്‍കുകയാണ് നിലവില്‍ ചെയ്യുന്നത്. അതിനു പകരം പൊതുമേഖലയിലെ ടെക്‌സ്‌റ്റൈല്‍ മില്ലുകളും സ്പിന്നിംഗ് മില്ലുകളും ഉപയോഗപ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്യും. പുതിയ വ്യവസായങ്ങളിലൂടെ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലകളില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിനും ധാരാളം നെല്‍കൃഷി ഉല്‍പ്പാദിപ്പിക്കുന്നിടങ്ങളില്‍ പുതിയ റൈസ് മില്ലുകള്‍ തുടങ്ങുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. 700 കോടി ചെലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുവദിച്ച 57 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ഈ പദ്ധതിയില്‍ പായം പഞ്ചായത്തിനെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതി മൂലം ജില്ലയില്‍ വീട് നഷ്ട്ടപ്പെട്ട മുഴുവനാളുകള്‍ക്കും വീടുവെച്ച് നല്‍കും. ഇതിനായുള്ള സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കാലത്ത് അടിമകളെ പോലെ കഴിഞ്ഞിരുന്ന സ്ത്രീകളില്‍ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റം നാടിന്റെ തന്നെ വളര്‍ച്ചയാണെന്നും ഇത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചവരാണ് നമ്മുടെ സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.
പായം പഞ്ചായത്തില്‍ നിര്‍മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 89 സെന്റ് സ്ഥലത്താണ് ഏഴ് കോടി രൂപ ചിലവഴിച്ച് അഞ്ച് നില കെട്ടിടം പണിയുന്നത്. ഇതിന്റെ രണ്ടും മൂന്നും  നിലകള്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന് വിട്ടു നല്‍കും. 10 കോടി രൂപ മുടക്കിയാണ് കോര്‍പ്പറേഷന്‍ ഇവിടെ രണ്ട് ആധുനിക മള്‍ട്ടി പ്ലസ് തീയറ്ററുകള്‍ ഒരുക്കുന്നത്. വരുമാന വിഹിതം പഞ്ചായത്തിന് കൂടി നല്‍കുന്ന തരത്തിലാണ് തീയറ്ററിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.
സണ്ണി ജോസഫ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സാവിത്രി, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.