ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്നതോടെ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസ്, മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി, ഐജി എംആര്‍ അജിത് കുമാര്‍, വിജിലന്‍സ് എസ്പി ബിജോയ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആട്ട ചിത്തിരയായ നവംബർ 6  രാവിലെ അഞ്ചിന് ക്ഷേത്ര നട തുറന്ന്  നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും  ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷാപാഭിഷേകം തുടങ്ങിയവയും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ അയ്യപ്പ സന്നിധിയില്‍ നടക്കും. അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.
ശബരിമലയില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഐജി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പമ്പ മുതല്‍ സന്നിധാനം വരെയുള്ള പോലീസ് സുരക്ഷ. ഐജി മഹേഷ് യാദവിനാണ് നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.