ആയുര്‍വേദ ജീവിതശൈലി ജനങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഇതിനായി ജില്ലയിലെ ഒരോ ബ്ലോക്കില്‍ നിന്നും അഞ്ചിലധികം ഗ്രാമങ്ങള്‍ തിരഞ്ഞെടുക്കും. പദ്ധതിക്കുവേണ്ടി ഒരു ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, യോഗ ട്രെയിനര്‍ എന്നിവരെ നിയോഗിക്കും. ഇതോടൊപ്പം ഭാരതീയ ചികിത്സാ വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കും. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ആയുര്‍വേദ രീതിയിലുള്ള ജീവിതരീതി, ഭക്ഷണശീലങ്ങള്‍ എന്നിവ പ്രചരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം ചുറ്റുപാടും ലഭ്യമായ ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളിലുണ്ടാക്കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ആയുര്‍വേദ രീതിയിലുള്ള ജീവിതശൈലിയെ കുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും പരിശീലനം നല്‍കും. പദ്ധതിയുമായി ബന്ധപ്പെടുന്ന എല്ലാ വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കും. കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ എന്നിവയോടൊപ്പം ചേര്‍ന്ന് ഔഷധസസ്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്താന്‍ സഹായം നല്‍കും. വൃക്ഷ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഇതിനായി പ്രയോജനപ്പെടുത്തും. മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ യോഗ പരിശീലനം നല്‍കി മരുന്നുകളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ആയുഷ് ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ മാനന്തവാടി ബ്ലോക്കില്‍ നിന്നും തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു.

കോര്‍ഡിനേഷന്‍ സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സിഡിഎസ് ജില്ലാ ഭാരവാഹികളുമടങ്ങുന്ന കോര്‍ഡിനേഷന്‍ സമിതി രൂപീകരിക്കും. തുടര്‍ന്ന് ബ്ലോക്ക് അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് സമിതിയുണ്ടാക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ മോണിറ്ററിംഗ് സമിതി കണ്‍വീനറും വിവിധ വകുപ്പുകളിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായിരിക്കും. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ മോണിറ്ററിംഗ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി തുടര്‍ പുരോഗതിക്കായി രണ്ടാംഘട്ട ഇംപ്ലിമെന്റേഷന്‍, കോര്‍ഡിനേഷന്‍ സമിതികളും രൂപീകരിക്കും. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതായിരിക്കും രണ്ടാഘട്ട കോര്‍ഡിനേഷന്‍ സമിതികള്‍. ഈ സമിതികളായിരിക്കും പദ്ധതി നിര്‍വഹണം നടപ്പാക്കുക. ആദ്യഘട്ട കോര്‍ഡിനേഷന്‍ സമിതിയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും രണ്ടാംഘട്ട കോര്‍ഡിനേഷന്‍ സമിതികളുടെ പ്രവര്‍ത്തനം.