ആലപ്പുഴ: എഴുത്തും വായനയും അറിയാത്തവരെ അതിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അക്ഷര ലക്ഷം പരീക്ഷയില്‍ ജില്ലയിലെ എറ്റവും പ്രായം കുറഞ്ഞ വിജയായി രാഖി. ആലപ്പുഴ പഴവീട് വാര്‍ഡില്‍ വിജി -സുധ ദമ്പതികളുടെ മകളായ രാഖിക്ക് പതിനേഴ് വയസാണ് പ്രായം. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന രാഖി പാതിവഴിയില്‍ പഠനമുപേക്ഷിച്ച് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.
അക്ഷരം അറിയാത്തവരെ കണ്ടെത്തി അവര്‍ക്കു വേണ്ട വിദ്യാഭ്യാസം നല്‍കി നാലാം ക്ലാസ് പരീക്ഷ വിജയിപ്പിക്കുക എന്നതാണ.് അക്ഷരലക്ഷം ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കാന്‍ വേണ്ട അവസങ്ങളും ഒരുക്കും. രാഖി നാലാം ക്ലാസ് തുല്യതാ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ പുറത്തേക്ക് പോകുവാനോ ആളുകളോട് ഇടപെഴകുവാനോ രാഖിക്ക് കഴിയില്ല.
മുനിസിപ്പാലിറ്റിയിലെ പ്രേരക്മാര്‍, കോ-ഓര്‍ഡിനേറ്ററുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാഖിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് പഠിപ്പിച്ചത്. തുടര്‍ന്നും രാഖിയ്ക്ക് പഠിക്കണമെന്ന ആഗ്രഹം പറയുന്നതിനാല്‍ ഒരു മാസത്തിനകം തന്നെ ഏഴാ ക്ലാസിലേക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തുടങ്ങും. ചെറുപ്പത്തില്‍ പ്രാദേശിക സ്‌കൂളില്‍ അയച്ചിരുന്നെങ്കിലും മാനസിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. നഗരസഭാ പ്രേരക് പ്രമീളാ ദേവി, അക്ഷര ലക്ഷം ഇന്‍സ്ട്രക്ടര്‍ സനില്‍ എന്നിവര്‍ ചേര്‍ന്നാണ് രാഖിയെ പഠിപ്പിച്ചത്. പഠനം തുടങ്ങിയതിന്റെ പ്രാരംഭ ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ കാണിച്ചെങ്കിലും പിന്നീട് പഠിത്തത്തോട് പൂര്‍ണ്ണ താല്‍പര്യമാണ് രാഖിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രേരക് പറയുന്നു. ആറ് മാസത്തോളം നടന്നു വന്ന പഠന കാലയളവിനു ശേഷമാണ് രാഖി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചത്.
പ്രായ ഭേദമന്യേ ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. വാര്‍ഡ് തലങ്ങളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഈ പദ്ധതിയിലേക്ക് അര്‍ഹരായ ആളുകളെ കണ്ടെത്തിയത്. വാര്‍ഡിലെ നിരക്ഷരരുടെ എണ്ണം, സാക്ഷരതയിലെത്തിയവരുടെ എണ്ണം, സ്‌കൂളുകളില്‍ നിന്നു പഠനം അവസാനിപ്പിച്ചവര്‍, അവസാനിപ്പിക്കാനുണ്ടായ കാരണം, തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വേയില്‍ രേഖപ്പെടുത്തും. തുടര്‍ പഠനത്തിനു താല്‍പര്യമുള്ളവര്‍ക്ക് സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വഴി പഠനം ഉറപ്പ് വരുത്തുന്ന തരത്തിലുള്ള പദ്ധതിയാണ് ഇത്. പഴവീട് വാര്‍ഡില്‍ നിന്നുള്ള നാല് പഠിതാക്കളും പരീക്ഷ എഴുതി ഉന്നത വിജയം കൈവരിച്ചു. ദിവസവും ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് രാഖിയെ പഠിപ്പിക്കുന്നത്. മലയാളം, കണക്ക്, ഇംഗ്ലീഷ്, പൊതു വിജ്ഞാനം എന്നിങ്ങനെ നാലു വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാഠ്യ പദ്ധതി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വിജയികളെ ആദരിക്കുന്നതിനൊപ്പം അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.