ആലപ്പുഴ: നമ്മുടെ മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അതു സാധിച്ചുതരാന്‍ ലോകം മുഴുവന്‍ കൂടെനില്‍ക്കുമെന്നു കേട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലില്ലാത്ത മോണ കാട്ടി കാര്‍ത്യായനിയമ്മ ചിരിക്കും. ഒരു പരീക്ഷകൊണ്ട് ,സ്വന്തം ഇച്ഛാശക്തികൊണ്ട് ഇന്ന് കേരളക്കരയില്‍ താരമായി മാറിയിരിക്കുകയാണ് ഹരിപ്പാട് ചേപ്പാട് സ്വദേശിയായ കാര്‍ത്യായണിയമ്മ എന്ന 96കാരി.
40,368പേര്‍ പരീക്ഷയെഴുതിയ സാക്ഷരത മിഷന്റെ അക്ഷരലക്ഷം പദ്ധതിയില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാംസ്ഥാനം നേടിയാണ് 96കാരിയായ കാര്‍ത്യായനിയമ്മ കേരളക്കരയെ ഞെട്ടിച്ചത. അക്ഷരലക്ഷം നാലാംക്ലാസ്സ് തുല്യത പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ പരീക്ഷാര്‍ത്ഥിയായിരുന്നു കാര്‍ത്യായണിയമ്മ.
തന്റെ നാലാംതലമുറയിലെ കുട്ടികള്‍ പഠിക്കുന്നത് കണ്ടാണ് തനിക്കും പഠിക്കണം എന്ന് ഏറെ വൈകിയും ആഗ്രഹം തോന്നിയതെന്ന് കാര്‍ത്യായനിയമ്മ പറഞ്ഞു.ചെറുപ്പത്തില്‍ ദാരിദ്ര്യം കാരണം പഠിക്കാന്‍ കഴിഞ്ഞില്ല.നന്നേ ചെറുപ്പം മുതല്‍ അമ്പലത്തില്‍ അടിച്ചുതളിക്കാന്‍ പോയി. രണ്ടു വര്‍ഷം മുന്‍പ് വരെ ജോലി തുടര്‍ന്നിരുന്നവെന്നും അവര്‍ പറയുന്നു. ജില്ലാപഞ്ചായത്ത് നല്‍കിയ ആദരവ് ഏറ്റുവാങ്ങാന്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ എത്തിയതായിരുന്നു കാര്‍ത്യായനിയമ്മ.
ദൈവം ആയുസ്സ് നല്‍കിയാല്‍ പത്താം തരം തുല്യതാ പരീക്ഷ വേഗം പാസാകണം എന്നാണ് കാര്‍ത്യായനിയമ്മയുടെ ആഗ്രഹം. കമ്പ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മയ്ക്ക് മോഹമുണ്ട്. പക്ഷെ തനിക്ക് ആര് കമ്പ്യൂട്ടര്‍ നല്‍കുമെന്നും പഠിപ്പിക്കുമെന്നുമുള്ള ആശങ്ക അലട്ടുന്നുണ്ട്. പറ്റിയാല്‍ കമ്പ്യൂട്ടര്‍ പഠിച്ച് ഒരു ചെറിയ ജോലി വാങ്ങാനുളള മനസ്സുറപ്പുണ്ട് ഈ മുത്തശ്ശിക്ക്. മനസ്സുറപ്പുണ്ടെങ്കില്‍ എല്ലാവര്‍ക്കും എല്ലാം സാധിക്കും എന്നാണ് കര്‍ത്യായനിയമ്മയുടെ ഭാഷ്യം.40 മാര്‍ക്കിന്റെ എഴുത്തു പരീക്ഷയില്‍ മാത്രമാണ് കാര്‍ത്യായനിയമ്മയ്ക്ക് രണ്ട് മാര്‍ക്ക് നഷ്ടമായത്. വായന വിഭാഗത്തില്‍ 30ല്‍ 30 മാര്‍ക്ക്. കണക്ക് പരീക്ഷയില്‍ 39ഇല്‍ മുപ്പതും നേടി. അങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 100 മാര്‍ക്കിനാണ് പരീക്ഷ.കണക്ക്,ഇംഗ്ലിഷ്, മലയാളം, പൊതുവിജ്ഞാനം എന്നിങ്ങനെ നാലു വിഷയങ്ങളാണ് നാലാംതരം തുല്യത പരീക്ഷയില്‍ പഠിക്കാനുണ്ടായിരുന്നത്.
ജില്ലാ പഞ്ചായത്ത് നല്‍കിയ ആദരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മാത്യു, സുമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജുമൈലത്ത്, മണി വിശ്വനാഥ്, മാത്യു ഉമ്മന്‍, പ്രമോദ്, എ.ആര്‍ കണ്ണന്‍., ജമീല പുരുഷോത്തമന്‍, ജില്ലാ സാക്ഷരത മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍, ്അസി. കോഓര്‍ഡിനേറ്റര്‍ കെ.എം സുബൈദ തുടങ്ങിയവര്‍ പങ്കെടുത്തു.
