വയനാട് ജില്ലയിലെ പ്രളയ ബാധിതര്‍ക്ക് തുടര്‍ സംരക്ഷണത്തിന്റെ ഭാഗമായി ഉപജീവനകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ. അജീഷ് അറിയിച്ചു. മൂന്നു മാസക്കാലത്തേക്ക് ആറ് ഇനങ്ങള്‍ ഉള്‍പ്പെടുന്ന 500 രൂപ വിലവരുന്ന കിറ്റുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. സിവില്‍ സപ്ലൈസ് വഴി തയാറാക്കി മാവേലി സ്റ്റോറുകള്‍ വഴിയായിരിക്കും കിറ്റുകള്‍ വിതരണം ചെയ്യുക. സര്‍ക്കാരില്‍ നിന്നും 10,000 രൂപ ധനസഹായം ലഭിച്ച പ്രളയബാധിതരില്‍പ്പെട്ട റേഷന്‍ മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡുള്ളവര്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, അഗതികള്‍, സ്ത്രീ കേന്ദ്രീകൃത കുടുംബങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഉപജീവനകിറ്റുകള്‍ വിതരണം ചെയ്യുക. അര്‍ഹരായവര്‍ നവംബര്‍ ഒന്‍പതിനകം 10,000 രൂപ ധനസഹായം ലഭിച്ചിട്ടുള്ളതിന്റെ ബാങ്ക് പാസ് ബുക്ക്, മേല്‍പ്പറഞ്ഞിട്ടുള്ള ഏതെങ്കിലും അര്‍ഹതാ വിഭാഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അതാത് വില്ലേജ് ഓഫീസുകളില്‍ ഹാജരാക്കണം. തുടര്‍ന്ന് പേര് രജിസ്റ്റര്‍ ചെയ്ത് മാവേലി സ്റ്റോറുകളില്‍ നിന്നും കിറ്റുകള്‍ ലഭിക്കുന്നതിനുള്ള കൂപ്പണുകള്‍ വാങ്ങേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ക്കു വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു.