ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ യോഗം ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിൽ ചേര്‍ന്നു. വയനാട് ലോക്സഭ മണ്ഡലത്തിന് കീഴിലെ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍, ഏറനാട്, നിലമ്പൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക്, പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകളില്‍ ഉൾപ്പെട്ട ജനപ്രതിനിധികളുടെ ചിത്രങ്ങള്‍, പേര് എന്നിവ നീക്കം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കളക്ടര്‍ യോഗത്തിൽ നിര്‍ദേശിച്ചു. പൊതുമരാമത്ത് റോഡുകള്‍, കെട്ടിടങ്ങള്‍, പെട്രോള്‍ പമ്പ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ പോസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍-ബാനറുകളിലെ ജനപ്രതിനിധികളുടെ ചിത്രങ്ങള്‍, പേര് എന്നിവ മറയ്ക്കണം.

ഇതിനായി എം.സി.സി സ്‌ക്വാഡിൻ്റെ പങ്കാളിത്തം ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ മാനന്തവാടി നിയോജക മണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, വിവിധ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.