ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആർ ഒ) കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് മെഷീനുകള്‍ തുടങ്ങിയ പോളിംഗ് സാമഗ്രികള്‍ കൈമാറുന്നത്. ആദ്യദിനത്തിൽ പെരുമ്പാവൂർ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെ എ ആർ ഒ മാർക്കാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തത്.

ഏപ്രിൽ 11 ന് കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ എ ആർ ഒ മാർക്ക് വിതരണം ചെയ്യും.

14 നിയോജക മണ്ഡലങ്ങളിലായി 2748 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2953 വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്യുന്നത്.

ഒന്നാംഘട്ട റാൻഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് കൈമാറുന്നത്. ഇവ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ജിപിഎസ് ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോങ് റൂമിലെത്തിക്കുന്നത്. ഏപ്രിൽ പകുതിക്കുശേഷം നടക്കുന്ന രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാകും വോട്ടിംഗ് മെഷീൻ ഏത് പാേളിംഗ് ബൂത്തിലേക്ക് എന്നു നിശ്ചയിക്കുക.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജെ മാേബി, ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, പാേലീസ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.