ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന പൊതു നിരീക്ഷക ശീതൾ ബാസവ രാജ് തേലി ഉഗലെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സ്ഥാനാര്‍ഥികളുടെ ഏജന്റുമാർ, പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുനിരീക്ഷകയുടെ സാന്നിധ്യത്തിൽ എറണാകുളം ലോക്സഭാ മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ എസ്കെ ഉമേഷ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചു.
സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാതൃക പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് യോഗത്തിൽ കളക്ടർ പറഞ്ഞു. സി- വിജില്‍ ആപ്പ് വഴി ചട്ടലംഘനവുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികളിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. 21 സ്ക്വാഡുകളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. 100 മിനിറ്റിനുള്ളിൽ പരാതിക്ക് പരിഹാരം ഉറപ്പാക്കുണ്ട്. അനധികൃത മദ്യം, കൈക്കൂലി, പണമൊഴുക്ക് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി 63 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ (എസ്എസ്ടി) രൂപീകരിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും എസ്എസ്ടി നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്നും യോഗത്തിൽ കളക്ടർ പറഞ്ഞു.
ക്യാമ്പയിന് വാഹനങ്ങൾ ഉപയോഗിക്കൽ, പര്യടനം, ലൗഡ് സ്പീക്കർ തുടങ്ങിയവയ്ക്ക് സുവിധ പോർട്ടൽ വഴി പ്രത്യേക പെർമിഷൻ ഉറപ്പാക്കണം. സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരിക്കുന്ന തുക കൃത്യമായി പാലിക്കണമെന്നും ചെലവ് കണക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
പോസ്റ്റൽ ബാലറ്റ് പ്രിന്റിംഗ്, മറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങിയവ യോഗത്തിൽ വിശദീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്കുള്ള സംശയങ്ങൾക്കും യോഗത്തിൽ മറുപടി നൽകി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികളും വിവരങ്ങളും ആശങ്കകളും പൊതുജനങ്ങൾക്കും സ്ഥാനാർത്ഥികൾക്കും ഒബ്സർവറെ നേരിട്ട് അറിയിക്കാവുന്നതാണ്. ഫാേൺ: 8301885801
കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് കളക്ടർ നിഷാന്ത് സിഹാര, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.