സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സ്വന്തമായി ജീവനോപാധി നൽകുന്നതിനുള്ള പദ്ധതിയെക്കുറിച്ചു സർക്കാർ ആലോചിക്കുകയാണെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യബന്ധനോപകരണങ്ങൾ വാങ്ങുന്നതിനു മത്സ്യഫെഡ് മുഖേന പലിശ രഹിത വായ്പ ലഭ്യമാക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തബാധിതരായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓഖി ദുരന്തബാധിതരായവരുടെ കുടുംബങ്ങൾക്കു സമഗ്രമായ സഹായമാണു സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെ
20 വർഷം നീളുന്ന ഈ പദ്ധതി പ്രകാരം എൽ.കെ.ജി. മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പ്രതിവർഷം 10,000 രൂപ വീതം ലഭിക്കും. ആറു മുതൽ 10 വരെ ക്ലാസുകളിലുള്ളവർക്ക് 25,000 രൂപയും പ്ലസ്ടു വിഭാഗം കുട്ടികൾക്ക് 30,000 രൂപയും ലഭിക്കും. ബിരുദതലത്തിലുള്ളവർക്കു പ്രതിവർഷം 1,00,000 രൂപ വരെ ലഭിക്കത്തക്ക രീതിയിലാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. എൽ.കെ.ജി, യു.കെ.ജി. ക്ലാസുകളിലെ 31 കുട്ടികളും ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ 65 പേർക്കും ആറു മുതൽ 10 വരെ ക്ലാസുകളിൽ 50 പേർക്കും ഹയർ സെക്കൻഡറിയിൽ ഏഴു പേർക്കും പ്രൊഫഷണൽ കോഴ്‌സുകളടക്കം ബിരുദ തലത്തിൽ 41 പേർക്കുമാണു വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നത്.
പൂന്തുറ സെന്റ് തോമസ് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എ. സമ്പത്ത് എം.പി, കൗൺസിലർമാരായ പ്രിയ ബിജു, പീറ്റർ സോളമൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ലൈല ബീവി, ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.