മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂർ കല്യാശ്ശേരിയിൽ 164 ാം നമ്പർ ബൂത്തിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയെത്തുടർന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഏപ്രിൽ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ തുടർനടപടികൾക്ക് കണ്ണൂർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. തുടർന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സ്‌പെഷ്യൽ പോളിങ് ഓഫീസർ പൗർണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിൻ ടി കെ, മൈക്രോ ഒബ്‌സർവർ ഷീല എ, സിവിൽ പൊലീസ് ഓഫീസർ ലെജീഷ് പി, വീഡിയോഗ്രാഫർ റിജു അമൽജിത്ത് പിപി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അഞ്ചാംപീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് പ്രക്രിയയിൽ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസി. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ കണ്ണപുരം പൊലീസ് ഈ സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കും മുതിർന്നപൗരന്മാർക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് നടപടികൾ പൂർത്തീകരിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്നവിധം ജാഗ്രതയോടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.