ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ജോലിക്ക് നിയോഗിച്ചിട്ടുള്ള മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി. സ്പാർക്ക് ട്രെയിനിംഗ് ഹാളിൽ നടന്ന പരിശീലനത്തിൽ ഇലക്ഷൻ വിഭാഗം ഹെഡ് ക്ലർക്ക് അബ്ദുൽ ജബ്ബാർ ക്ലാസ്സ് എടുത്തു. 20 മൈക്രോ ഒബ്സർവർമാർ പരിശീലനത്തിൽ പങ്കെടുത്തു.

പോളിംഗ് സാമഗ്രികൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം), വിവിപാറ്റ്, കൺട്രോൾ യൂണിറ്റ്, ഗ്രീൻ പ്രോട്ടോകോൾ, മോക്ക് പോൾ, മൈക്രോ ഒബ്സർവർ റിപ്പോർട്ട് തുടങ്ങിയവയെ കുറിച്ചായിരുന്നു പരിശീലനം.

പരിശീലനത്തിനുശേഷം എറണാകുളം ലോക്സഭാ മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ, വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ.എസ്.കെ ഉമേഷ്, ചാലക്കുടി ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി, വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി അബ്രഹാം, എന്നിവർ മൈക്രോ ഒബ്സർവർമാരുമായി സംവദിച്ചു.