*ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഗ്യാലറിയിലെ സോളാർ റൂഫിംഗ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സോളാർ റൂഫിംഗ് പദ്ധതി മാതൃക പരമാണെന്നും ഇത്തരത്തിൽ പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം വ്യപകമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച സോളാർ റൂഫിംഗ് പദ്ധതിയുടെ ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്, നീന്തൽക്കുളങ്ങൾ, ഫെൻസിംഗ് സ്‌ക്വാഷ് അക്കാദമി തുടങ്ങി വിവിധ പരിശീലന കേന്ദ്രങ്ങളുൾപ്പെടുന്നതാണ് ഈ സമുച്ചയം. സ്റ്റേഡിയത്തിന്റെ ഗാലറിക്ക് പൂർണമായതും സുരക്ഷിതവുമായ മേൽക്കൂര ആവശ്യമാണെന്നതിനാലാണ് ഗവൺമെൻറ് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയത്. സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാൽ സോളാർ റൂഫിംഗ് എന്ന ആശയം നടപ്പിലാക്കി.

വൈദ്യുതോൽപ്പാദനത്തിലൂടെ ആറ് വർഷം കൊണ്ട് മുടക്കു മുതൽ പൂർണമായി  ലഭിക്കുമെന്നതും പൂർണമായ ഊർജാവശ്യം നടക്കുമെന്നതും പ്രത്യേകതയാണ്. രാജ്യത്ത് തന്നെ മാതൃകാപരമായ ഹരിത സ്റ്റേഡിയങ്ങളിലൊന്നായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മാറുകയാണ്. പൊതുജനങ്ങൾക്കും കായിക പരിശീലനം ലഭിക്കുമെന്നതിനാൽ പരമാവധി ആളുകൾ ഈ സേവനം ഉപയോഗപ്പെടുത്തണമെന്നാണ് അഭ്യർത്ഥിക്കുന്നത്. പോലീസ് സേനയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും രാജ്യാന്തര കായിക പ്രതിഭകളെ സൃഷ്ടിക്കാൻ ഇവിടെ നിന്നും കഴിഞ്ഞിട്ടുണ്ട്.

പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ വ്യാപനത്തിന് എനർജി മാനേജ്‌മെന്റ് സെന്റർ, അനെർട്ട് തുടങ്ങിയ വിവിധ ഏജൻസികളിലൂടെ വിവിധ പദ്ധതികൾ ഗവൺമെന്റ് നടപ്പിലാക്കി വരികയാണ്. പുരപ്പുറ സോളാർ പദ്ധതിയായ സൗര, അക്ഷയോർജ ഉപകരണങ്ങളുടെ ഇ മാർക്കറ്റ് ഇടമായ www.buymysun.com, നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള അക്ഷയോർജ സേവന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുവാൻ പൊതു സമൂഹം തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജിപിമാരായ മനോജ് എബ്രഹാം, എം.ആർ അജിത് കുമാർ, പോലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അത്തല്ലൂരി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ ഗീതിക വർമ്മ, വാർഡ് കൗൺസിലർ പാളയം രാജൻ  എന്നിവർ സംബന്ധിച്ചു.

കേരള പോലീസ് ഇൻറർഗ്രേറ്റഡ് സ്‌പോർട്‌സ് ആന്റ് ഗെയിംസ് കോംപ്ലക്‌സ് പ്രവർത്തിക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ മേൽക്കൂരയിലാണ് ഒരു മെഗാവാട്ട് ശേഷിയുള്ള സോളാർ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഏഴരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 6.98 കോടി രൂപ കൊണ്ട് പൂർത്തിയാക്കാനായി. ഇതിൽ 2.75 കോടി രൂപ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ലഭ്യമാക്കിയത്. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കുന്നതിലൂടെ ആറു വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾക്ക് വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്നതിനും കളിക്കുന്നതിനും ഇവിടെ അവസരമുണ്ട്. കൂടാതെ ഒരു നീന്തൽ കുളവും മൂന്ന് ജിംനേഷ്യവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.