നാട്ടുകടവ് പാടം ഇനി ഹരിതാഭമാകും… 24 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്ത് തിരുവല്ല നഗരസഭയുടേയും കവിയൂര്‍ പഞ്ചായത്തിന്റെയും ഹരിതകേരള മിഷന്റേയും പാടശേഖരസമിതിയുടേയും സംയുക്ത സഹകരണത്തോടെ കൃഷിയിറക്കുന്നു.  നിലമൊരുക്കലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായിരുന്നു നാട്ടുകടവ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കവിയൂര്‍ വലിയ തോട് നവീകരണത്തോടെയാണ് ഈ ഭാഗം പൊതുജനങ്ങളുടെ ശ്രദ്ധ നേടിയത്. വലിയ തടാകത്തിന് തുല്യ വിസ്തൃതിയുള്ള ഇവിടെ ബണ്ട് പിടിച്ച് വെളളം കെട്ടി നിര്‍ത്തിയാല്‍ നാട്ടുകടവില്‍ 200 ഏക്കറിലധികം നെല്‍കൃഷിയ്ക്ക് അനുയോജ്യമാകും. കിഴക്കന്‍ മുത്തൂര്‍ മനക്കച്ചിറ റോഡിന്റെ ഇരുവശത്തുമായി കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന പുഞ്ചയും ചേര്‍ന്ന് കിടക്കുന്ന തടാകവും യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയൊരുക്കുന്നതാണ്. നാട്ടുകടവ് നാട്ടുകൂട്ടം രൂപീകരിച്ച് ഇതിന്റെ വിനോദ സഞ്ചാര സാദ്ധ്യത കൂടി ഉപയോഗിക്കാനും പരിഗണിക്കുന്നുണ്ട്. ഇതിലൂടെ വഴിയോര വിശ്രമ കേന്ദ്രവും കുടുംബശ്രീ കഫേയും മറ്റും സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് കിഴക്കന്‍മുത്തൂര്‍ പാടശേഖര സമിതി. അതിനാവശ്യമായ പിന്തുണയൊരുക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തും തിരുവല്ല നഗരസഭയും കവിയൂര്‍ ഗ്രാമപഞ്ചായത്തും സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലര്‍ അരുന്ധതി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ബിജു കാഞ്ഞിരത്തുംമൂട്ടില്‍, പാടശേഖര സമിതി ഭാരവാഹികളായ കെ.അനില്‍കുമാര്‍, പ്രസാദ് പാട്ടത്തില്‍, രാജേഷ് കാടമുറി, ഷിബു കണ്ണോത്ത്, ജോണ്‍ ശാമുവേല്‍, രാജന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.