വനിതാ അധ്യാപക-അനധ്യാപകരും വിദ്യാര്‍ഥിനികളും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും പ്രൊഫഷണല്‍ കോളജുകളില്‍ ഉള്‍പ്പെടെ  ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

പ്രഫഷണല്‍ കോളജുകളില്‍ പോലും ഇന്റേണല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളത് ഗൗരവമായി തന്നെ കമ്മിഷന്‍ കാണുന്നു. എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമായി ഇന്റേണല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഏറി വരുകയാണ്. ഇത് അടിയന്തര പ്രാധാന്യം നല്‍കി ആര്‍ഡിഒ തലത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കണം.

വയോജനങ്ങളുടെ സ്വത്തുവകകള്‍ തട്ടിയെടുക്കുകയും ജീവനാംശം പോലും നല്‍കാതെ ഇരിക്കുകയും ചെയ്യുന്നതു സംബന്ധിച്ച പരാതികളും കൂടി വരുന്നുണ്ട്. ദമ്പതികള്‍ തമ്മിലുള്ള വഴക്കുകളും പരാതികളും ഏറിവരുന്ന സഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗിന് വിധേയമായിരിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

സിറ്റിംഗില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. അഞ്ചു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 64 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. ആകെ 78 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ എസ് ശങ്കര്‍, സീനത്ത് ബീഗം, കൗണ്‍സിലര്‍ സംഗീത എന്നിവര്‍പങ്കെടുത്തു.