ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, സൂക്ഷ്മ-ചെറുകിടവ്യവസായം, വിദ്യാഭ്യാസ വായ്പ , മറ്റ് സേവനങ്ങള്‍ എന്നിവയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച ജില്ലയിലെ ബാങ്കുകളെ കളക്ടര്‍ അഭിനന്ദിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പാടശേഖരങ്ങള്‍ ആരംഭിക്കുന്ന പദ്ധതി നടത്തി വരികയാണെന്നും ഇതിനായി ആവശ്യമായി വരുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന് അദ്ദേഹം ബാങ്ക് പ്രതിനിധികളോട് പറഞ്ഞു.

വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവ ബന്ധപ്പെട്ട ബാങ്കുകളുടെ ബ്രാഞ്ചുകള്‍ക്ക് അയച്ച് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പകള്‍ നടക്കുന്നതിനെതിരെ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. 2024-25 വര്‍ഷത്തെ ജില്ലതല ക്രഡിറ്റ് പ്ലാന്‍ കളക്ടര്‍ പ്രകാശനം ചെയ്തു.
കാസര്‍കോട് ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ 108 ശതമാനവും സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ മേഖലയില്‍ 136 ശതമാനവും ഭവന -വിദ്യാഭ്യാസ വായ്പയുള്‍പെടെയുള്ള മേഖലയില്‍ 111 ശതമാനവുമായി മുന്‍ഗണനാ വിഭാഗത്തില്‍ പ്രവര്‍ത്തനങ്ങളില്‍ 113 ശതമാനത്തിന്റെ പുരോഗതിയാണ് കാസര്‍കോടിന് ഉണ്ടായത്. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നൂറ് ശതമാനം പ്രവര്‍ത്തന പുരോഗതി നേടിയ ജില്ല കാസര്‍കോടാണ്. 10319.79 കോടിയുടെ വായ്പകളാണ് നല്‍കിയത്. 9195 കോടി രൂപയായിരുന്നു ലക്ഷ്യം.  112 ശതമാനമാണ് പുരോഗതി.

യോഗത്തില്‍  ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എസ്. തിപ്പേഷ് സ്വാഗതം പറഞ്ഞു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അന്‍ഷുമാന്‍ ദെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (തിരുവനന്തപുരം) മാനേജര്‍ ആര്‍.ശ്യാം സുന്ദര്‍, നബാര്‍ഡ് ഡി.ഡി.എം ഷാരോണ്‍വാസ്, ഡി.വൈ.എസ്.പി സുഭാഷ് ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ ബാങ്കുകളുടെ പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാതല ബാങ്കിങ് സുരക്ഷാ സമിതി യോഗവും ചേര്‍ന്നു. യോഗത്തില്‍ 2024-25 വര്‍ഷത്തെ ജില്ലാ ക്രഡിറ്റ് പ്ലാന്‍ ജില്ലാകളക്ടര്‍ പ്രകാശനം ചെയ്തു.