വനമഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ ‘മഴ, പുഴ, കാട് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി നിര്‍വഹിച്ചു.

മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളില്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ കായ്ച്ച് തുടങ്ങിയ വിദ്യാവനം പരിചരണവും ബോധവല്‍ക്കരണ ക്ലാസ്സും ദിനാചരണത്തിന്റെ ഭാഗമായി നടത്തി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ വി.കെ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. 2019-ല്‍ വനമിത്ര അവാര്‍ഡ് ലഭിച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്ന എ. അബ്ദുല്‍ റസാഖിനെ ചടങ്ങില്‍ ആദരിച്ചു.

എം.പി.ടി.എ പ്രസിഡന്റ് സി. സംഗീത, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എസ് മുഹമ്മദ് നിഷാല്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. പി. ദിവാകരനുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. വനമഹോത്സവ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ അഞ്ച്) നിലമ്പൂരില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരവും നാളെ (ജൂലൈ ആറ്) പോത്തുകല്‍ ചെമ്പന്‍ കൊല്ലി നഗറില്‍ തൈ നടിയിലും ബോധവത്ക്കരണ ക്ലാസ്സും നടത്തും.