സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുട്ടികളുടെ വ്യക്തിത്വ, ശാരീരിക, ബൗദ്ധിക, സര്‍ഗവൈഭവ വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്ലാന്‍ ഫണ്ടിനോടൊപ്പം സി.എസ്.ആര്‍ ഫണ്ടു കൂടി ഉപയോഗപ്പെടുത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു. തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിച്ച ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു മന്ത്രി.

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണ്. അവര്‍ യഥോചിതം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടത് നാടിന്റെ ഉത്തരവാദിത്തമാണ്.  കുട്ടികുളുടെ സാമൂഹിക പുനരധിവാസം ഉറപ്പാക്കുന്നതിനായി മാതൃ‍കാപരമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന കായിക മേളയിലും ശാസ്ത്ര-പ്രവൃത്തി പരിചയ മേളയിലും ഉന്നത വിജയം നേടിയ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ വെച്ച് മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ, ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ ഇടശ്ശേരി, തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം അക്‍ബര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് ധനലക്ഷ്മി, സി.ഡബ്ല്യു.സി ചെയര്‍മാന്‍  അഡ്വ. എ സുരേഷ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. ജാബിര്‍, സി. ഹേമലത, ശ്രീജ പുളിക്കല്‍,  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം ശ്രുതി, തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്‍ഷണല്‍ ഹോം ജോ. സൂപ്രണ്ട് അന്‍ജുന്‍ അരവിന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍ സ്വാഗതവും തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എന്‍. റസിയ നന്ദിയും പറഞ്ഞു.