ലോഗോ പ്രകാശനം ചെയ്തു

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്താരാഷ്ട്ര കോൺക്ലേവിന്റെ ലോഗോ നിയമസഭാ മീഡിയ ഹാളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു. ഒക്ടോബർ നാല് മുതൽ ആറ് വരെ തിരുവനന്തപുരത്താണ് ജനറേറ്റീവ് എഐ ആന്റ് ദ ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ, ജനറേറ്റീവ് എഐ ആൻഡ് ഹയർ എജ്യുക്കേഷൻ കോൺക്ലേവ് നടക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിവർത്തന ശക്തി പ്രയോജനപ്പെടുത്താനാണ് ഈ മേഖലയിലെ വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, നയരൂപകർത്താക്കൾ, ഭരണകർത്താക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന കോൺക്ലേവ് സംഘടിപ്പിക്കുന്നത്. നിർമിത ബുദ്ധിയുടെ സാധ്യതകളും വിദ്യാഭ്യാസത്തിലെ അതിന്റെ പ്രയോഗവും പര്യവേക്ഷണം ചെയ്യുന്നതിൽ മുൻകൈയെടുക്കുന്നതിലൂടെ, അത്യാധുനിക സാങ്കേതികവിദ്യകളുടെയും അക്കാദമിക് മുന്നേറ്റങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ കേരളത്തിന് സ്ഥാനം ഉറപ്പിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ക്ലാസ് മുറിയിൽ ജനറേറ്റീവ് എഐ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും ഉപയോഗിച്ച് അധ്യാപകരെയും വിദ്യാർഥികളെയും സജ്ജരാക്കാൻ കോൺക്ലേവിന് കഴിയും. ഗവേഷണത്തിലും വികസനത്തിലും ജനറേറ്റീവ് എഐ യുടെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായും കോൺക്ലേവ് മാറും. വിദ്യാഭ്യാസമേഖലയും, വ്യവസായ മേഖലയും, സർക്കാരും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമൂഹിക-സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന പദ്ധതികൾക്ക് ഉത്തേജനം നൽകാനും കേരളത്തിന് കഴിയും. ഉന്നതവിദ്യാഭ്യാസത്തിൽ ജനറേറ്റീവ് എഐ ടൂളുകൾ സംയോജിപ്പിക്കുന്നത് നഗര-ഗ്രാമീണ സ്ഥാപനങ്ങൾ തമ്മിലുള്ള വിടവ് നികത്തി വിദൂര പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പഠന വിഭവങ്ങളിലേക്ക് പ്രവേശനം നൽകുമെന്നും മന്ത്രി പറഞ്ഞു.

 ഇന്റർനാഷണൽ കോൺക്ലേവ് ഓൺ ജനറേറ്റീവ് എഐ ആൻഡ് ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ എന്ന വിഷയത്തിലെ സംസ്ഥാനത്തെ പ്രഥമ കോൺക്ലേവ് കഴിഞ്ഞ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെയാണ് നടന്നത്. പത്രസമ്മേളനത്തിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോ. അരുൺ കുമാർ വി എ പങ്കെടുത്തു.