പള്ളിക്കല്‍ വില്ലേജിലെ പാറക്കൂട്ടം പ്രദേശത്തെ 17 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കുമെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചിരുന്നു. പള്ളിക്കല്‍ വില്ലേജില്‍ പാറക്കൂട്ടം പ്രദേശത്ത് താമസിക്കുന്ന 17 കുടുംബങ്ങള്‍ക്ക് കൈവശരേഖ ഉണ്ടെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബങ്ങള്‍ക്ക്  അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് പട്ടയ വിതരണനടപടികള്‍ വേഗത്തില്‍ ആക്കുവാന്‍  ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം തന്നെ പന്തളം ബൈപ്പാസ്, അടൂര്‍- തുമ്പമണ്‍ -കോഴഞ്ചേരി റോഡ് എന്നിവയുടെ സ്ഥലം ഏറ്റെടുപ്പ് അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പന്തളം റവന്യൂ ടവറിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയവും, ഭരണാനുമതി ലഭിച്ച അടൂര്‍ റവന്യൂ കോംപ്ലക്‌സിന്റെ സാങ്കേതിക തടസ്സം പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടൂര്‍ മണ്ഡലത്തിലെ റവന്യൂ സംബന്ധമായ പ്രശ്‌നങ്ങള്‍  സമയബന്ധിതമായി പരിഹരിക്കുമെന്ന്  റവന്യൂ മന്ത്രി ഉറപ്പു നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.