തൊഴില്‍ സ്ഥലത്തെ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്നതിനുള്ള ഇന്റേണല്‍ കമ്മറ്റി പലയിടത്തും നിയമപ്രകാരമല്ല രൂപീകരിച്ചിട്ടുള്ളതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ കോട്ടയം ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്ത്രീകളുടെ അന്തസിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ തൊഴില്‍ സ്ഥലത്ത് നേരിടേണ്ടി വന്നാല്‍ അത്തരം പരാതികള്‍ പോഷ് ആക്ട് അനുശാസിക്കുന്ന പ്രകാരം ഇന്റേണല്‍ കമ്മറ്റി പരിശോധിക്കണമെന്നാണ് നിയമം. വനിതാ കമ്മിഷന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും നിരന്തര ഇടപെടലിന്റെ ഫലമായി മിക്കവാറും ഇടങ്ങളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചതായി കാണുന്നുണ്ട്. ചിലയിടത്ത് ഇന്റേണല്‍ കമ്മറ്റിയുടെ ചെയര്‍പേഴ്‌സണായി സ്ത്രീക്കു പകരം പുരുഷനെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി.

ഏറ്റവും സീനിയറായ വനിതാ ഉദ്യോഗസ്ഥയാണ് ഇന്റേണല്‍ കമ്മറ്റിയുടെ അധ്യക്ഷയാകേണ്ടതെന്നാണ് നിയമം. പരാതിക്കാരി തന്നെ സീനിയറായ ഉദ്യോഗസ്ഥയാണെങ്കില്‍ അവരുടെയും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥയാകണം കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആകേണ്ടത്. എതിര്‍ കക്ഷിക്കെതിരേ മൊഴി കൊടുക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നതു മൂലം പരാതിക്കാരിയെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയും ചില സ്ഥലങ്ങളില്‍ ഉണ്ട്. ഇന്റേണല്‍ കമ്മറ്റിയില്‍ പരാതി നല്‍കി എന്നതിന്റെ പേരില്‍ പരാതിക്കാരിക്കെതിരേ നടപടി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ സി.കെ. സുരേന്ദ്രന്‍, സി.എ. ജോസ്, ഷൈനി ഗോപി എന്നിവര്‍ പങ്കെടുത്തു. ജില്ലാതല അദാലത്തില്‍ ആകെ 13 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. 80 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 95 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.