സർക്കാർ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഓൺലൈനായി ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വാർഡ് തലം മുതൽ ജില്ലാ തലം വരെയുള്ള സമിതികൾ കൃത്യസമയത്ത് രൂപീകരിക്കണം. നിർദ്ദേശിച്ച പ്രവർത്തനങ്ങൾ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം നടത്തി വിശദാംശങ്ങൾ തയ്യാറാക്കണം. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെയാണ് ക്യാമ്പയിൻ.
പലതരം പകർച്ചവ്യാധികൾ കണ്ടുവരുന്നുണ്ട്. നാട്ടിൽ നിന്നും പൂർണമായി ഒഴിവായ രോഗങ്ങൾ പോലും വീണ്ടും വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മഴ കൂടുതൽ ശക്തിപ്പെടുമെന്ന കാലാവസ്ഥ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ദുരന്തപ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം. ഓറഞ്ച് ബുക്കിൽ പറഞ്ഞത് പ്രകാരമുള്ള നടപടി സ്വീകരിക്കുകയും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം.
2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി ഈ വർഷം നവംബർ ഒന്നിലേക്ക് നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കണം. അക്കാര്യത്തിൽ വിടവുകൾ ഉണ്ടെങ്കിൽ അവലോകനം നടത്തി നികത്തണം. ‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്ക് വിവിധ കാർഡുകൾ നൽകാൻ തീരുമാനിച്ചിരുന്നു. അക്കാര്യത്തിലുള്ള കുറവുകളും പരിഹരിക്കണം.
തീരദേശ, മലയോര ഹൈവെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കാൻ തടസ്സമുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ എതിർപ്പുള്ളവരുമായി സംസാരിച്ച് പദ്ധതി നടപ്പാക്കണം. ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഭൂമി തരംമാറ്റലിന് മുൻഗണന നൽകുമെന്ന സർക്കാർ ഉത്തരവ് പാലിക്കണം. ഡാറ്റാ ബങ്കിൽ ഉൾപ്പെടാത്ത 1291 ചതു.അടി വരെ ഭൂമിയിൽ വീട് നിർമ്മിക്കാൻ ഇളവ് ലഭ്യമാണെന്ന വിവരം ജനങ്ങളെ അറിയിക്കണം. ആനുകൂല്യത്തെക്കുറിച്ച് അറിയാതെ നൽകുന്ന അർഹമായ അപേക്ഷകൾ പരിഗണിച്ച് പെട്ടന്ന് തീർപ്പാക്കണം.
യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ വേണു വി, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.