25,000 ലധികം ഖാദി ഉത്പന്നങ്ങൾ കെ.എസ്.എഫ്.ഇ സമ്മാനമായി
നൽകുന്നത് മാതൃകാപരം: മുഖ്യമന്ത്രി
* ഓണം ഖാദി മേളയ്ക്ക് തുടക്കം
കെ എസ് എഫ് ഇ നടത്തുന്ന ഗ്യാലക്‌സി ചിട്ടികളുടെ ശാഖാതല സമ്മാനങ്ങളായി ഓരോ ചിട്ടിയിലും പത്തിൽ ഒരാൾക്ക് 3,500 രൂപ വിലവരുന്ന ഖാദി വസ്ത്രങ്ങൾ നൽകുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ എസ് എഫ് ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാന വിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
25,000 ത്തിലധികം ഖാദി വസ്ത്രങ്ങളാണ് ഇതിലൂടെ വിതരണം ചെയ്യപ്പെടുന്നത്. മലയാളിയുടെ നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ഒരു സ്ഥാപനമാണ് കെ എസ് എഫ് ഇ. ഏത് സാമ്പത്തിക ആവശ്യത്തിനും ആശ്രയിക്കാവുന്ന സ്ഥാപനം ഏത് എന്ന് ചോദിച്ചാൽ ചുരുക്കം ചില പേരുകൾ മാത്രമേ നമുക്ക് ഓർമ്മ വരികയുള്ളൂ. അതിലൊന്നാണ് കെ എസ് എഫ് ഇ. ഈ ഓണക്കാലത്ത് ഖാദി ബോർഡുമായി ചേർന്ന് ഇത്തരമൊരു സംരംഭത്തിന് കെ എസ് എഫ് ഇ മുൻകൈയെടുത്തുവെന്നത് ശ്രദ്ധേയമാണ്. തീർച്ചയായും ഖാദിമേഖലയ്ക്കാകെ ഉണർവ്വ് പകരുന്നതാവും ഈ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണം ഖാദിമേളയുടെ ഭാഗമായി ഓണക്കാലത്ത് 30 ശതമാനം വരെ വിലക്കിഴിവിൽ ഖാദി വസ്ത്രങ്ങൾ ഖാദി ബോർഡിന്റെയും അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ഷോറൂമുകളിൽ നിന്നും ഗുണഭോക്താക്കൾക്ക് ലഭിക്കും. ഖാദി ബോർഡ് ഏർപ്പെടുത്തിയിരിക്കുന്ന സമ്മാന കൂപ്പണുകൾ ഉപയോഗിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങാനാകും. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വാങ്ങുവാൻ കഴിയും.
ഒരു വ്യാവസായിക ഉത്പന്നം എന്നതിലുപരി ഖാദിക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യം കൂടിയുണ്ട്. ‘നമ്മൾ നൂറ്റ നൂലുകൊണ്ട് നമ്മൾ നെയ്ത വസ്ത്രംകൊണ്ട്, നിർമ്മിതം ഇത് അനീതിക്കൊരന്ത്യാവരണം’ എന്നാണ് അന്ന് മലയാളി പാടിയത്. അതുകൊണ്ടുതന്നെ നമ്മുടെ സംസ്‌കാരവുമായും ചരിത്രവുമായും ഒക്കെ ഇഴപിരിയാത്ത ബന്ധം ഖാദിക്കുണ്ട്. വൈദേശികാധിപത്യത്തിൽ നിന്നു മോചനം നേടാനായി നമ്മുടെ നാട് നടത്തിയ സമരങ്ങളിൽ ഒരായുധമായി പ്രയോഗിക്കപ്പെട്ട ഉത്പന്നമാണ് ഖാദി. കേരളത്തിലെ ഖാദി തൊഴിലാളികൾക്ക് ഉത്പാദന ഇൻസെന്റീവും ഇൻകം സപ്പോർട്ടും സംസ്ഥാന നൽകുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽ സഹായം നൽകുന്ന മറ്റൊരു സംസ്ഥാനവും ഇല്ല. ഖാദിതൊഴിലാളികൾക്കുള്ള ഒരു ക്ഷേമനിധി ബോർഡും കേരളം രൂപീകരിച്ചിട്ടുണ്ട്. ഇതൊക്കെ ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തുന്ന ഇടപെടലുകളാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 130 കോടി രൂപയാണ് ഖാദിവ്യവസായത്തിന്റെ ഉന്നമനത്തിനായി ചിലവഴിച്ചത്. ഖാദി നൂൽപ്പ്, നെയ്ത്ത് ഉപകരണങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി നടപടി സ്വീകരിച്ചുവരുന്നു. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും യന്ത്രവൽക്കരണത്തിനും സൗരോർജം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.
ഖാദി ബോർഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി 48 സംഘങ്ങളിൽ ഭരണസമിതി രൂപീകരിച്ചു. 93 സംഘങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സംരംഭകത്വ വികസന പദ്ധതികളുടെ ഭാഗമായി 2,214 ഖാദി യൂണിറ്റുകൾ ആരംഭിച്ചു. ഇതുവഴി 12,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
നമ്മുടെ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിച്ചുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. പരമ്പരാഗത വ്യവസായങ്ങൾ മുന്നേറണമെങ്കിൽ നവീനമായ കാഴ്ചപ്പാടോടെയുള്ള ഇടപെടലുകൾ നടത്തേണ്ടതുണ്ട്. സർക്കാർ തലത്തിലെ ഇടപെടലുകൾക്കൊപ്പം ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടായ സഹകരണത്തിലൂടെ മാത്രമേ മുന്നേറാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്ത ബാധിതർക്കായി ഖാദി ബോർഡിന്റെ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ഖാദി സംഘടനകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രിയ്ക്ക് കൈമാറി.
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, വാർഡ് കൗൺസിലർ പാളയം രാജൻ, കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ് കെ, ഖാദി ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി സുധാകരൻ,എസ് അരുൺ ബോസ്, എസ് സുശീലൻ എസ് വിനോദ്, ടി ബൈജു, ബി എസ് രാജീവ് എന്നിവർ സംബന്ധിച്ചു.