കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിനൊപ്പം ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പഞ്ചായത്തുകളെ ദത്തെടുത്ത് ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറണം. കടലോരങ്ങളും പുഴയോരങ്ങളും പാതയോരങ്ങളുമെല്ലാം ശുചീകരിച്ച് 2025 ഓടെ മാലിന്യമുക്ത നവകേരളം സാധ്യമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ക്യാമ്പയിനിന്റെ വിജയത്തിനായി ജില്ലാ തലം മുതല്‍ വാര്‍ഡ് തലം വരെ നിര്‍വ്വഹണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ‘

നിലവില്‍ യുവാക്കള്‍ ഹരിതകര്‍മ്മസേനയുമായി ചേര്‍ന്ന്  ഒരു വാര്‍ഡില്‍ രണ്ട് ദിവസം എന്ന ക്രമത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി വരികയാണ്. ഗൃഹ സന്ദര്‍ശനത്തിന് ശേഷം ഓരോവീടുകളിലെയും മാലിന്യ സംസ്‌ക്കരണ രീതികള്‍ പഠിച്ച് പരിമിതികള്‍ തിരിച്ചറിയും. പത്ത് മുതല്‍ 50 വരെ വീടുകള്‍ക്കായി സെപ്തംബര്‍ ഒന്ന് മുതല്‍ 10വരെ യുവതയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ ശുചിത്വ സദസ്സ് നടക്കും.

ശുചിത്വമിഷന്‍ കാസര്‍കോട് ജില്ലയിലെ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധിച്ചപ്പോള്‍  എഴുപത് ശതമാനം കുടിവെള്ളത്തിലും ഇ കോളൈ ബ്ക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും ചര്‍ച്ചയാകണം. ജില്ലയില്‍ വിവിധയിടങ്ങളില്‍ എഫ്.എസ്.ടി.പികള്‍ ആരംഭിക്കുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത് വരികയാണെന്നും അവരുടെ അജ്ഞത അകറ്റി വികസനത്തിന് മുന്നില്‍ നില്‍ക്കണമെന്ന് പ്രസിഡണ്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഡയപ്പറുകളുടെ നിര്‍മ്മാര്‍ജ്ജനത്തിന് ഡബിള്‍ ചേമ്പര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിലും ഇതേ വിഷയം നേരിടുന്നുണ്ട്. എഫ്.എസ്.ടി.പി കള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ രാ്ഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ കൊണ്ടു ചെന്ന് കാണിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. പല തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേനയുടെ കവറേജ് 50 ശതമാനം മാത്രമാണ് ക്യാമ്പയിനിന്റെ ഭാഗമായി അത് ഉയര്‍ത്തി കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം നടക്കുന്ന ക്യാമ്പയിന്‍ 2025 മാര്‍ച്ച് 30ന് സമാപിക്കും.

യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ അധ്യക്ഷത വഹിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ വിഷയാവതരണം നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.പി ബാബു, ടി.എം.എ കരീം, സുബൈര്‍ പടുപ്പ്, എം. ഉമ, അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, കെ.ബി മുഹമ്മദ്, ഡോ. സൂരജ്, കെ. അജയകുമാര്‍, സനല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കാസര്‍കോട് അഡിസ്റ്റന്റ് ഡയറക്ടര്‍ ബി.എന്‍ സുരേഷ് സ്വാഗതവും മാലിന്യ മുക്ത നവകേരളം കോ കോ- ഓര്‍ഡിനേറ്റര്‍ എച്ച് കൃഷ്ണ നന്ദിയും പറഞ്ഞു. ജൂലൈ 27ന് മുഖ്യമന്ത്രി പിണറായി വിജന്റെ അധ്യക്ഷതയില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നതിന്റെ തുടര്‍ച്ചയായാണ് ജില്ലതലത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നത്. തുടര്‍ന്ന് വാര്‍ഡ് തലം വരെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗങ്ങള്‍ ചേരും. യോഗത്തിന്റെ തുടര്‍ച്ചയായി മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാ സംഘാടക സമിതി യോഗം  ആഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.