നിർമ്മാണ പ്രവൃത്തി അവലോകനം ചെയ്തു

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തിയെന്നും ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. കെടിഡിസി ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്.

കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടത്തുന്നത്. നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ടൂറിസം ഡപ്യൂട്ടി ഡയരക്ടർ ടി.സി. മനോജ്, ഡിടിപിസി സിക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ , പദ്ധതിയുടെ പദ്ധതി നിർവഹണ ഏജൻസിയായ എസ്പിവി കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഗംഗാധരൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ, തുടങ്ങിയവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.