മോട്ടോർ തൊഴിലാളി മേഖല ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം നിന്ന് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കാഴ്ചവെക്കുന്നതെന്ന് തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 64924 പേർക്ക് 2237010756 രൂപയുടെ ആനുകൂല്യങ്ങൾ ബോർഡ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ മക്കളിൽ കലാകായിക അക്കാദമിക് രംഗങ്ങളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സ്വർണ്ണ പതക്കങ്ങളും, കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന മികവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓൺലൈൻ മുഖേന ക്ഷേമനിധി വിഹിതം അടക്കുന്നതിനുള്ള സൗകര്യം, ഓൺലൈൻ പരാതിപരിഹാരസംവിധാനം, ഡിബിറ്റി മുഖേനയുള്ള ആനുകൂല്യവിതരണം തുടങ്ങി ബോർഡ് പ്രവർത്തനം പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും തൊഴിലാളികൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ ഓഫീസുകളിലും ചീഫ് ഓഫീസിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ വർഷം വിവിധ മേഖലകളിൽ നിന്നുള്ള 29 കുട്ടികൾക്കും സ്വർണ്ണപ്പതക്കങ്ങളും, 5278 കുട്ടികൾക്ക് പഠനോപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്. തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ചടങ്ങിൽ അധ്യക്ഷത വഹിച്ച ആന്റണിരാജു എം എൽ എ, ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ, ലേബർ കമ്മിഷണർ ഡോ വീണ എൻ മാധവൻ തുടങ്ങിയവർ സ്വർണ്ണപ്പതക്കങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബോർഡ് അംഗങ്ങളായ എം ഇബ്രാഹിം കുട്ടി,ലോറൻസ് ബാബു, ഡി സന്തോഷ്‌കുമാർ, സാബു എസ്,കെ ജെ സ്റ്റാലിൻ, സുരേഷ്‌കുമാർ പി ആർ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി മനോഹർ തുടങ്ങിയവർ പങ്കെടുത്തു