കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം പൂർത്തിയാക്കേണ്ടതിനാൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളെ അതിജീവിച്ച് നല്ല രീതിയിൽ വികസനത്തിൽ മുന്നേറാൻ സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വലിയ ദുരന്തനിവാരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രവർത്തനം കൃത്യമായി നടപ്പാക്കി സർക്കാരിന്റെ ദൗത്യം സാക്ഷാത്ക്കരിക്കും. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് തന്റെ മുൻഗാമികൾ കൊണ്ടുവന്ന ചില മൂല്യങ്ങളുണ്ട്. ജനകീയമായ, ജനസൗഹൃദമായ ഓഫീസായി അത് പരിണമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പ്രശ്നപരിഹാരത്തിനുള്ള ഇടമായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടർന്നും പ്രവർത്തിക്കുമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.