വയോജന സംരക്ഷണത്തിന് സുരക്ഷിത സാഹചര്യം ഒരുക്കും: മന്ത്രി ഡോ. ആർ ബിന്ദു


വയോജന സംരക്ഷണത്തിന് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് നിർവഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ക്ഷേമസ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഓണക്കോടി വിതരണവും തിരുവനന്തപുരം പുലയനാർകോട്ട ഗവ. കെയർ ഹോമിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്നതാണ് നംസ്ഥാനസർക്കാർ വയോജനങ്ങൾക്ക് നൽകുന്ന സന്ദേശം. ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിവിധ ഘടകങ്ങൾ വയോജന സംരക്ഷണത്തിനുള്ള സമയവും സാഹചര്യവും ഇല്ലാതാക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ വയോജന സംരക്ഷണമെന്നത് സംസ്ഥാനസർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണ്. ഗവൺമെന്റ് കെയർ ഹോമുകൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റാണ് ക്ഷേമസ്ഥാപനങ്ങൾക്ക് നൽകുന്നത്.

നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയിൽ സംസ്ഥാന വ്യാപകമായി 480 ക്ഷേമ സ്ഥാപനങ്ങൾക്ക് കിറ്റുകൾ നൽകുന്നുണ്ട്. 39,519 വ്യക്തികൾ ഇതിന്റെ ഗുണഭോക്താക്കളാകും. സംസ്ഥാനസർക്കാർ പരമാവധി ക്ഷേമസ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും നിലവിൽ ആയിരത്തിൽപരം സ്ഥാപനങ്ങൾക്ക് ഗ്രാൻഡ് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ എല്ലാ അന്തേവാസികൾക്കും സ്വസ്ഥതയും പ്രതീക്ഷയും നിറഞ്ഞ ജീവിതം സാധ്യമാക്കാൻ കഴിയണമെന്നതാണ് സർക്കാർ നിലപാട്. വിഭവസമൃദ്ധമായ ഓണക്കാലം സാധ്യമാക്കുന്നതിന് സംസ്ഥാനസർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെ സാധിക്കും. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഓണക്കാലം എല്ലാ വയോജനങ്ങൾക്കും ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ സുരേഷ് കുമാർ എസ്, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോൾ എം, ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ എന്നിവർ സംബന്ധിച്ചു.