ബര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പടെ നിരവധി രാജ്യാന്തര മേളകളില്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ‘ദ യങ് കാള്‍ മാര്‍ക്സ് ‘ കേരള രാജ്യാന്തര ചലച്ചിത്രമേളയിലും. ലോക സിനിമാ വിഭാഗത്തിലാണ്  ഈ ചിത്രം  പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്റെ  ജീവിതത്തില്‍ ഫ്രഡറിക് ഏംഗല്‍സുമായുള്ള കൂടിക്കാഴ്ച മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചന വരെയുള്ള യൗവ്വന കാലമാണ് ചിത്രത്തിന്റെ പ്രമേയം.
പത്തൊമ്പതാം നൂറ്റാണ്ടില്‍  യൂറോപ്പിലെ  അധ്വാനവര്‍ഗം നേരിട്ട നരകയാതനകള്‍ക്കാണ് ഇറ്റാലിയന്‍ സംവിധായകനായ റൗള്‍ പെക്ക് അഭ്ര കാഴ്ചയൊരുക്കുന്നത്. ദാരിദ്ര്യവും മുതലാളി വര്‍ഗ്ഗ ചൂഷണവും  ഇരകളാക്കിയ തൊഴിലാളികളുടെ ജീവിതം 1842 മുതല്‍ 1847 വരെയുള്ള മാര്‍ക്‌സിന്റെ ജീവിതകഥയ്ക്ക് സമാന്തരമായി സംവിധായകന്‍ അനാവരണം ചെയ്യുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ ഓഗസ്റ്റ് ഡയലും നായികയെ വിക്കി ക്രിബ്‌സും അവതരിപ്പിക്കുന്നു.
26 കാരനായ മാര്‍ക്സും ഭാര്യ ജെന്നിയുമായുള്ള കുടുബജീവിതവും  മാര്‍ക്സും ഏംഗല്‍സും തമ്മിലുള്ള വ്യക്തിബന്ധവും സൂഷ്മതയോടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.ലോകത്തെ അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിച്ച  കാഴ്ചപ്പാടുകളെയും കമ്മ്യൂണിസം പിറവിയെടുത്ത സാഹചര്യങ്ങളെയും അതിശയോക്തികളില്ലാതെ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘ദ യങ് കാള്‍ മാര്‍ക്സ്’ ചിത്രീകരിക്കുന്നു. പാസ്‌കല്‍ ബോണിറ്റ്സര്‍ തിരക്കഥയൊരുക്കിയ ഈ ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.