അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജനതയുടെ പുത്തന്‍കാഴ്ചകളുമായി എത്തുന്ന ‘ദി ഇന്‍സള്‍ട്ട്’ രാജ്യാന്തര ചലച്ചിത്രമേളയില്‍  ഉദ്ഘാടന ചിത്രമാകും. ഡിസംബര്‍ 8 ന് നിശാഗന്ധി ഓഡിറ്റോറിത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലെബനന്‍ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത ഈ ചിത്രം വ്യക്തികള്‍ക്കിടയിലെ ചെറിയ സംഘര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ നിയമ വ്യവസ്ഥയെ എങ്ങനെ ചോദ്യം ചെയ്യുന്നുവെന്ന് ചിത്രീകരിക്കുന്നു. അന്താരാഷ്ട്ര  സംഘര്‍ഷങ്ങളിലേക്ക് അത് എങ്ങനെ രൂപാന്തരപ്പെടുന്നുവെന്ന് ചിത്രം അന്വേഷിക്കുന്നു.  കുടിയേറ്റ ജീവിതമാണ് ഈ മേഖലയിലെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണമെന്നാണ് ചിത്രത്തിന്റെ കണ്ടെത്തല്‍.
മതപരവും പ്രാദേശികവുമായ സമകാലിക വിഷയങ്ങളും ‘ദി ഇന്‍സള്‍ട്ട്’ അനാവരണം ചെയ്യുന്നു. വെനീസ് രാജ്യന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമയിലെ അഭിനയത്തിന് കമേല്‍ എല്‍ ബാഷയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഓസ്‌കര്‍ നോമിനേഷനും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
 കാന്‍ ചലച്ചിത്ര മേളയില്‍ ചാലൈസ് പുരസ്‌കാരം നേടിയ ‘വെസ്റ്റ് ബെയ്റൂട്ട്’, ‘ലൈല സെയ്സ് ‘, ‘സ്ലീപ്പര്‍ സെല്‍ ‘, ‘ദി അറ്റാക്ക് ‘, ‘റിപ്പബ്ലിക്കന്‍ ഗാംഗ്‌സ്റ്റേര്‍സ് ‘ തുടങ്ങിയവയാണ് സിയാദ് ദൗയിരിയുടെ  ചിത്രങ്ങള്‍.