ജില്ലാ പഞ്ചായത്ത് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്ഥാപിച്ച ഡിജിറ്റൽ എക്‌സ്‌റേ യൂനിറ്റ്  മന്ത്രി  ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു


ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കുമെന്ന് മൃഗസംരക്ഷണം,ക്ഷീര വികസനം, മൃഗശാലാ വകുപ്പ് മന്ത്രി  ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2023- 2024 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഡിജിറ്റൽ എക്‌സ്‌റേ യൂനിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

പൊരിവെയിലിലും കാലവര്‍ഷ കെടുതിയിലും കന്നുകാലികളും  അടിസ്ഥാന സൗകര്യങ്ങളും നഷ്ടമായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി സര്‍ക്കാര്‍ ധന സഹായം നല്‍കി വരികയാണ്. ഈ മേഖലയില്‍ വരുന്ന നവീനമായ ആശയങ്ങള്‍ കര്‍ഷകരിലെത്തിച്ച് അവരെ ചേര്‍ത്ത് പിടിച്ച് കാലഘട്ടത്തിനൊപ്പം നടത്തുകയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണ്. പാല്‍ പൊലിമ പരിപാടിയുടെ പ്രസക്തി മനസിലാക്കി കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകണം. നൂതനാശയങ്ങള്‍ മൃഗസംരക്ഷണ വകുപ്പും സര്‍ക്കാരും ചേര്‍ന്ന് കര്‍ഷകരിലേക്ക് എത്തിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

അത്യാധുനിക രീതിയിലുള്ള ഡിജിറ്റല്‍ റേഡിയോളജി സിസ്റ്റമാണ്  കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.  ഓമനമൃഗങ്ങള്‍, പക്ഷികള്‍ മുതലായവ മുതല്‍ ആന വരെയുള്ളവയുടെ എക്‌സ് റേ പരിശോധന നടത്താന്‍ ഈ ഉപകരണം കൊണ്ട് സാധിക്കും. പോര്‍ട്ടബിള്‍ മെഷീന്‍ ആയതിനാല്‍ ശരീര വലുപ്പം കൂടിയ കന്നുകാലികളുടെയും ആനയുടെയും  പരിശോധനയ്ക്കായി ഉപകരണം അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യമായസ്ഥലത്ത് എത്തിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മേന്മയാണ്.

ഡിജിറ്റല്‍ ഇമേജിങ്ങ് സംവിധാനമായതിനാല്‍ പരമ്പരാഗതമായ രീതിയിലുള്ള ഫിലിം ഇല്ലാതെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെയും മൃഗങ്ങളുടെ ഉടമകളുടെയും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലേക്ക് എക്‌സ്‌റേ ഇമേജ് നിമിഷനേരം കൊണ്ട് കൈ മാറാനും സാധിക്കും.  ദ്രുതഗതിയിലും ഫലപ്രദമായും രോഗനിര്‍ണ്ണയം നടത്താനും ശരിയായ ചികിത്സ കൃത്യ  സമയത്ത് നല്‍കാനും ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചൂ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എക്‌സ്‌റേ മെഷീനിന്റെ സ്വിച്ച് ഓൺ നിര്‍വ്വഹിക്കുകയും ചെയ്തു.  പാല്‍ ഉത്പാദനത്തോടൊപ്പം പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ കൂടി ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാല്‍ പേഡ പോലുള്ള ബേക്കറി പലഹാരങ്ങള്‍ ഉത്പാദിപ്പിച്ച് കണ്ണൂരിലെയും മംഗലാപുരത്തെയും ബേക്കറികളിലേക്ക് നല്‍കുന്ന തരത്തില്‍ ഗ്രാമീണ മേഖലയില്‍ ഇത്തരം സംരംഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ക്ഷീര സംഘങ്ങള്‍ വഴി പുതിയതായി പശുവിനെ വാങ്ങുന്ന കര്‍ഷകന് അന്‍പതിനായിരം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി, ക്ഷീരസംഘങ്ങള്‍ക്ക് കെട്ടിടം തുടങ്ങി വിവിധ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് നടത്തി വരികയാണെന്നും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് പരിഗണനയിലാണെന്നും അവര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭത്തിലും സൂര്യാഘാതത്തിലും കന്നുകാലികള്‍ നഷ്ടപ്പെട്ട 118 ക്ഷീരകര്‍ഷകര്‍ക്കുള്ള ഇരുപത്തിയെട്ട് ലക്ഷത്തോളം രൂപയുടെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ ചേര്‍ന്ന് കുമ്പള വെറ്റിനറി ഡോക്ടര്‍ക്ക് കൈമാറി. നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍ കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ‘പാല്‍പൊലിമ’ പദ്ധതി പോസ്റ്റര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് കൈമാറി.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി കെ മനോജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ കന്നുകാലികളുടെ പാലുല്‍പ്പാദന ക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മൃഗസംരക്ഷണ വകുപ്പ് കെ.എല്‍.ഡി ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാല്‍പൊലിമ എന്ന പരിപാടിക്കും  തുടക്കമായി. നിലവിലുള്ള കറവപ്പശുക്കളിലും കിടാരികളിലും ഉയര്‍ന്ന ഉദ്പാദനക്ഷമതയുള്ള പ്രീമിയം കാളകളുടെ ബീജം കുത്തിവെച്ച് ഉദ്പാദന ശേഷി കൂടിയ കറവപ്പശുക്കളെ സൃഷ്ടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് വെസ്പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗീതാകൃഷ്ണന്‍,  അഡ്വ. എസ് എൻ സരിത ,  എം മനു, നരഗസഭാ കൗൺസിലര്‍  പി.രമേഷ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി പ്രശാന്ത് എന്നിവര്‍  സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് സ്വാഗതവും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വി.വി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പാല്‍ പൊലിമ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  കര്‍ഷക സെമിനാറില്‍ ഡോ.മുഹമ്മദ് ആസിഫ് വിഷയം അവതരിപ്പിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഇ ചന്ദ്രബാബു മോഡറേറ്ററായി.  പ്രീമിയം ബുള്‍ സെമന്‍ സംബന്ധിച്ച്  കെ.എല്‍.ഡി ബോര്‍ഡ് അസി. മാനേജര്‍ ഡോ. പി.ഷാനിഫ്  സംസാരിച്ചു.