ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ്
ഹാളില്‍ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി അധിനിവേശങ്ങളെ ചെറുത്ത പോരാട്ടവീര്യമാണ് പൂര്‍വസൂരികള്‍ നടത്തിയതെന്ന
ചരിത്രസത്യം ഓരോ മലയാളിയും തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഭാഷാമികവിന് പത്തനംതിട്ട നേടിയ പുരസ്‌കാരം അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

വലിയൊരു മികവിന്റെ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും മലയാളിയെന്ന നിലയ്ക്ക് ലോകത്തെവിടെയും അഭിമാനിക്കാവുന്ന ചരിത്രം നമുക്കുണ്ടെന്നും അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ്. പ്രേം
കൃഷ്ണന്‍ പറഞ്ഞു. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, എ. ഡി. എം ബീന എസ്. ഹനീഫ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി.ജ്യോതി, മിനി തോമസ്, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണഭാഷാ പുരസ്‌കാരം നേടിയ റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ, ഭാഷാപരമായ ഭരണനിര്‍വഹണ മികവ് പുലര്‍ത്തിയ ജൂനിയര്‍ സൂപ്രണ്ട് രാജി, സെക്ഷന്‍ ക്ലര്‍ക്ക് സിന്ധു എന്നിവരെ ജില്ലാ കലക്ടര്‍ ആദരിച്ചു.സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി നല്‍കി.