* മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്തഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായും തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉദ്യമ 1.0 ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 10 വരെയാണ് കോൺക്ലേവ്.
സാങ്കേതിക മേഖലയിലടക്കം മൽസരത്തിനപ്പുറം സഹകരണമാണ് പ്രധാനമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യാവസായിക രംഗത്തെ പുരോഗതിക്കനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മാറ്റുക എന്നതാണ് സർക്കാർ നിലപാട്. ഗവേഷണം, നൂതനത്വം, സ്റ്റാർട്ടപ്പ്, സംരഭകത്വം എന്നീ ഘടകങ്ങൾക്ക് മികച്ച പിന്തുണയാണ് നിലവിൽ നൽകി വരുന്നത്. സമൂഹ കേന്ദ്രീകൃതമായ വിജ്ഞാന സമ്പദ് വ്യവസ്ഥയാണ് നാം ലക്ഷ്യമിടുന്നത്. ആരോഗ്യം, മാലിന്യ നിർമാർജനം, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. ഭിന്ന ശേഷി വിഭാഗത്തിലുൾപ്പെടെയുള്ള പാർശ്വവൽകൃത സമൂഹങ്ങളെ ശാക്തീകരിക്കാനും സാങ്കേതിക മേഖലക്ക് നിർണായക പങ്ക് വഹിക്കാനാവും. അതേ സമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസടക്കമുള്ള മേഖലകളിൽ സാധ്യതകൾക്കൊപ്പം സുതാര്യത, വിശ്വാസ്യത, ധാർമികത എന്നിവ ഉറപ്പാക്കാനും കഴിയണം. ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയറുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റബേസ് മാനേജ്‌മെന്റ് എന്നിവയിലടക്കമുള്ള മാറ്റങ്ങളെ ഉൾക്കൊള്ളണം. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല നമുക്ക് മുന്നിലുള്ളത്. വ്യത്യസ്ത മേഖലകളുമായി സഹകരിച്ചുള്ള മുന്നേറ്റത്തിന് സാങ്കേതിക മേഖല തയാറാകണം. നിക്ഷേപ പുരോഗതിയിലൂടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയുറപ്പാക്കാൻ സാധ്യതകളെ നൂതനത്വ സംരംഭങ്ങളാക്കാൻ കഴിയണം. നവീന സാങ്കേതിക വിദ്യകളിലൂടെ കലാലയങ്ങളും സർവകലാശാലകളുമടക്കം ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ മേഖല മാറണമെന്നും മന്ത്രി പറഞ്ഞു. ഉദ്യമ സുവനീറിന്റെ കവർ പ്രകാശനം മന്ത്രി നിർവഹിച്ചു.
ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അനിൽ സഹസ്രബുദ്ധ വിശിഷ്ടാതിഥിയായി. ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡോ. ഷാലിജ് പി ആർ, ഐ ഐ ഐ സി ജോയിന്റ് ഡയറക്ടർ ഡോ. ആശാലത, ടാറ്റ ലക്സി സെന്റർ ഹെഡ് വി ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.
ജനുവരിയിൽ കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഉദ്യമ 1.0 യുടെ ഭാഗമായി ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യും.
വ്യവസായമേഖലയും സാങ്കേതികസ്ഥാപനങ്ങളും തമ്മിൽ സഹകരണം ഉറപ്പുവരുത്തുക. സാങ്കേതികവിദ്യാ കൈമാറ്റം, പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം, ലാബുകളുടെയും വർക്ക്‌ഷോപ്പുകളുടെയും നവീകരണം എന്നിവ സാധ്യമാക്കേണ്ടതുണ്ട്. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യക്രമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച് സാങ്കേതികവിദഗ്ധർ അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംവാദങ്ങൾ നടക്കും. അന്തർദേശീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളിസംരംഭകരും സാങ്കേതികവിദഗ്ധരും സർക്കാർ പ്രതിനിധികളും ചർച്ചകൾ നയിക്കും.
നാലുദിന കോൺക്ലേവ് സമാപിക്കുമ്പോൾ ഒരു വിഷൻ ഡോക്യുമെന്റ് രൂപീകരിക്കാൻ ഉതകുന്ന മാർഗ്ഗ രേഖകൾ സർക്കാരിന് സമർപ്പിക്കും. വിവിധ സാങ്കേതിക മേഖലകളിൽ നിന്നുള്ള വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരുൾപ്പെട്ട പാനലിന്റെ ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാംശീകരിച്ചാണ് വിഷൻ ഡോക്യുമെന്റ് തയാറാക്കുന്നത്.
വിദ്യാർത്ഥികളുടെ നൂതന ഗവേഷണ ഉത്പന്നങ്ങളുടെ പ്രദർശനമേള പാളയം എൽഎംഎസ് കോമ്പൗണ്ടിലെ സി എസ് ഐ വിമൻസ് സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പ്രദർശനമേള ഡിസംബർ ഒൻപതിന് വൈകുന്നേരം വരെ തുടരും. പ്രദർശനമേളയിൽ പ്രവേശനം സൗജന്യമാണ്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നൂതന വ്യവസായശാലകൾ, എൻജിനീയറിങ് വിദ്യാഭ്യാസം, ജോലിസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ചർച്ചകൾ നടക്കും.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാപരിപാടികൾ 8, 9 തീയതികളിൽ പാളയം എൽഎംഎസ് കോമ്പൗണ്ടിലെ സി എസ് ഐ വിമൻസ് സെന്റർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ നടക്കും.
ഡിസംബർ പത്തിന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ഐഎജി കോൺക്ലേവ് ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചടങ്ങിൽ വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. ഉദ്യമ 1.0 കോൺക്ലേവിന്റെ കൂടുതൽ വിവരങ്ങൾ udyamadtekerala.in ൽ ലഭ്യമാണ്.