സംസ്ഥാനത്തെ ഐ ടി ഐ കളിലെ വിദ്യാര്‍ത്ഥികളെ  വിദേശ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനത്തിന് അയക്കുന്ന പദ്ധതിയില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. നിലവിലുള്ള പഠന-പരിശീലന പദ്ധതികളില്‍ ഒതുങ്ങിനിന്നാല്‍ ആധുനികകാലം ആവശ്യപ്പെടുന്ന തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കാന്‍ കഴിയില്ല. ഇത് മുന്‍കൂട്ടികണ്ടാണ് ശാസ്ത്രസാങ്കേതികരംഗത്തെ വിസ്മയകരമായ മാറ്റങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന തൊഴില്‍ശക്തിയെ വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നlതെന്നും മന്ത്രി പറഞ്ഞു.  സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സിംഗപ്പൂരിലേക്ക് പരിശീലനത്തിനു പോകുന്ന 57 ട്രെയിനികള്‍ക്കുള്ള യാത്രയയപ്പ് യോഗം തിരുവനന്തപുരം അനര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പദ്ധതിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലയക്കുന്നകാര്യവും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൈപുണ്യശേഷി വികസനത്തിന് ഊന്നല്‍ നല്‍കുകയും ഉയര്‍ന്നുവരുന്ന നൂതനമേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചക്കും വികസനത്തിനും മികച്ച സംഭാവന നല്‍കാന്‍ കഴിയുന്ന തൊഴില്‍ശക്തിയാണ് വേണ്ടത്. അതിന് സാങ്കേതികയോഗ്യതയും നൈപുണ്യശേഷിയും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് നൈപുണ്യപരിശീലനം നല്‍കുന്നതിനൊപ്പം നിലവിലുള്ള തൊഴില്‍ശക്തിയുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും.
  സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം  വിദേശരാജ്യങ്ങളിലെ പരിശീലനപദ്ധതികളെക്കുറിച്ച് മനസ്സിലാക്കുകയും നമ്മുടെ പരിശീലനനിലവാരം മെച്ചപ്പെടുത്തുന്നതിന് അത് പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നൈപുണ്യപരിശീലനത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍.  കഴിഞ്ഞ ജൂലൈയില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ച ഘട്ടത്തില്‍ ഇത്തരമൊരു സാങ്കേതികവിദ്യാ കൈമാറ്റ പരിശീലനപദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. സിംഗപ്പൂര്‍ ഐടിഇ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു സുവര്‍ണാവസരം ലഭിച്ചത്. പരിശീലനപദ്ധതിയുടെ ആദ്യബാച്ചിനെ സിംഗപ്പൂരിലേക്ക് തന്നെ അയക്കാന്‍ അവസരം ലഭിച്ചത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
. വെിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും  അവിടെ നിന്ന് ലഭിക്കുന്ന അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
  അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആഷാതോമസ് അദ്ധ്യക്ഷയായ ചടങ്ങില്‍ ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടര്‍, വ്യാവസായിക വകുപ്പ് ഡയറക്ടര്‍ പി കെ മാധവന്‍, ഒഡെപെക് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, അനര്‍ട്ട് ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍, അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ എസ് ധര്‍മരാജന്‍ എന്നിവര്‍ സംബന്ധിച്ചു.